| Thursday, 20th June 2019, 10:51 am

ഇനിയും പാവാടയിട്ട പെലെയെന്ന് വിളിക്കരുത്, അവള്‍ മാര്‍ത്തയാണ്, ഒരേയൊരു മാര്‍ത്ത

ജിതിന്‍ ടി പി

ലോകകപ്പ് ഫുട്ബോളില്‍ ഇറ്റലിയ്ക്കെതിരായ ബ്രസീലിന്റെ ഗ്രൂപ്പ് പോരാട്ടം. മത്സരം ഗോള്‍രഹിത സമനിലയില്‍ പുരോഗമിയ്ക്കവെയാണ് ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്.

കാനറികള്‍ക്കായി കിക്കെടുക്കുന്നത് ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍ മാര്‍ത്ത. മാര്‍ത്തയ്ക്ക് ലക്ഷ്യം പിഴക്കില്ലെന്ന് ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഉറപ്പായിരുന്നു. കാരണം മാര്‍ത്തയുടെ പാദസ്പര്‍ശമേല്‍ക്കുമ്പോള്‍ പന്ത് ഗോള്‍കീപ്പറേയും കടന്ന് പോസ്റ്റിന്റെ ഏതെങ്കിലും മൂലയില്‍ വിശ്രമിക്കും. അതാണ് പതിവ്.

ഇറ്റലിയ്ക്കെതിരായ മത്സരത്തിലും മാര്‍ത്ത പ്രതീക്ഷ തെറ്റിച്ചില്ല. ആ പെനാല്‍റ്റി ഗോളാക്കി മാറ്റി ബ്രസീലിന് മാര്‍ത്ത സമ്മാനിച്ചത് പ്രീക്വാര്‍ട്ടര്‍ ബര്‍ത്താണ്.

മാര്‍ത്ത വിയേര ഡി സില്‍വ എന്ന പേര് ലോകഫുട്ബോളിനെ കീഴടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ലോക ഫുട്ബോളറാകുന്നതിന് മുന്‍പ് മാര്‍ത്തയെന്ന വനിതാ താരം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ മെസിയും റൊണാള്‍ഡോയും ആഘോഷിക്കപ്പെട്ടതിന്റെ പകുതി പോലും മാര്‍ത്ത ആഘോഷിക്കപ്പെട്ടിട്ടില്ല. പുരുഷ മേധാവിത്വത്തില്‍ പുകള്‍പ്പെറ്റ കാല്‍പ്പന്ത് കളിയില്‍ കാലുറപ്പിച്ച പെണ്ണിനെ കുറിച്ച് വാഴ്ത്തുപാട്ടുകളും കുറവായിരുന്നു.

എന്നാല്‍ ഒരുവശത്ത് മാര്‍ത്ത ഗോളടി തുടര്‍ന്നുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ മാര്‍ത്തയുടെ ഗോളടി എത്തിനില്‍ക്കുന്നത് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോഡിലാണ്. മറികടന്നത് ജര്‍മ്മനിയുടെ മിറോസ്ലോവ് ക്ലോസെയെന്ന പുരുഷതാരത്തെ.

വെറും 19 മത്സരങ്ങളില്‍നിന്നാണ് മാര്‍ത്തയുടെ ഈ നേട്ടം. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോഡ് സ്വന്തം പേരിലാക്കുമ്പോള്‍ ക്ലോസെ 24 മത്സരങ്ങളാണ് ലോകകപ്പില്‍ കളിച്ചിരുന്നത് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

റെക്കോഡ് നേട്ടത്തിന് ശേഷം മാര്‍ത്തയുടെ പ്രതികരണവും രസകരമായിരുന്നു. ക്ലോസെയുടെ നേട്ടം മറികടന്നതോടെ അദ്ദേഹം ഇനി വിരമിക്കല്‍ തീരുമാനം മാറ്റി ഖത്തര്‍ ലോകകപ്പില്‍ കളിക്കുമോയെന്നാണ് തന്റെ പേടിയെന്നായിരുന്നു മാര്‍ത്ത പ്രതികരിച്ചത്.

തനിക്കെതിരെയുള്ള ആര്‍പ്പുവിളികള്‍ പോലും ആസ്വദിക്കുകയും അത് തന്റെ കളിമികവിനായി ഉപയോഗിക്കുകയും ചെയ്യുന്ന താരമാണ് മാര്‍ത്ത. എതിരാളിയുടെ തട്ടകത്തില്‍ അവര്‍ക്കായി വേണ്ടി മാത്രം ആര്‍ത്തുവിളിക്കുന്ന ഗ്രൗണ്ടില്‍ കളിക്കാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് മാര്‍ത്ത പലതവണ പറഞ്ഞിട്ടുണ്ട്.

ആറുതവണ മാര്‍ത്ത ലോകതാരമായിട്ടുണ്ട്. 2007ല്‍ ലോകകപ്പില്‍ ടോപ്സ്‌കോററായി സ്വര്‍ണപ്പന്തും നേടി. അഞ്ചുവട്ടം ലോകതാരത്തിനുള്ള പോരാട്ടത്തില്‍ രണ്ടാമതായി. 2004, 2008 ഒളിമ്പിക്സുകളില്‍ വെള്ളിമെഡല്‍ നേടിയ ബ്രസീല്‍ ടീമിലംഗമായിരുന്നു മാര്‍ത്ത. വ്യക്തിഗതനേട്ടത്തെ മികച്ച താരമായി നിര്‍ണയിക്കാനുള്ള മാനദണ്ഡമായി പരിഗണിക്കാമെങ്കില്‍ നെയ്മറും, മെസിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാര്‍ത്തയ്ക്ക് പിറകില്‍ മാറിനില്‍ക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ലയണല്‍ മെസി യുഗം ആരംഭിക്കുന്നതിന് മുമ്പ് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയത് ബ്രസീല്‍ താരം കക്കയാണ്. 2007-ല്‍ കക്ക മികച്ച പുരുഷതാരമാകുമ്പോള്‍ മികച്ച വനിതാ താരം ബ്രസീലിന്റെ മാര്‍ത്തയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മെസി- റൊണാള്‍ഡോ അപ്രമാദിത്വം അവസാനിപ്പിച്ച് പുരുഷതാരത്തിനുള്ള ഫിഫ പുര്സകാരം ലൂക്കാ മോഡ്രിച്ച് നേടിയപ്പോഴും വനിതാ താരം മാര്‍ത്ത തന്നെ.

ബ്രസീലിലെ അല്‍ഗോസിലെ ഫവേലകളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പന്തുതട്ടി വളര്‍ന്നതാണ് മാര്‍ത്തയുടെ ബാല്യം. ബ്രസീലിലെ പ്രമുഖ വനിതാ കോച്ച് ഹെല്‍ന പഷെയോയാണ് മാര്‍ത്തയുടെ ജീവിതം തന്നെ മാറ്റിയത്. മാര്‍ത്തയിലെ പ്രതിഭ കണ്ടറിഞ്ഞ ഹെല്‍ന റിയോ ഡി ജനീറോയിലെ പ്രമുഖ ക്ലബ്ബായ വാസ്‌കോ ഡ ഗാമയിലേക്ക് ക്ഷണിച്ചു. പിന്നെയെല്ലാം ചരിത്രം.

വാസ്‌കോ ഡ ഗാമ ക്ലബ്ബിലെ മികച്ച പ്രകടനം മാര്‍ത്തയ്ക്ക് ബ്രസീല്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴിതുറന്നു. 2003ല്‍ വനിതാ ലോകകപ്പില്‍ ബ്രസീലിനായി മഞ്ഞക്കുപ്പായമണിഞ്ഞ മാര്‍ത്ത ഇതുവരെ ദേശീയ ടീമിനായി നേടിയത് 146 കളികളില്‍ നിന്ന് 112 ഗോളുകള്‍. 2014ല്‍ ബ്രസീലില്‍ നടന്ന പുരുഷ ലോകകപ്പിന്റെ അംബാസഡര്‍മാരിലെ ഏക വനിതയായിരുന്നു മാര്‍ത്ത.

കളിക്കളത്തിലെ മാര്‍ത്തയുടെ ചടുലമായ നീക്കങ്ങള്‍ ‘പാവാടയിട്ട പെലെ’ എന്ന വിശേഷണമാണ് ചാര്‍ത്തിക്കൊടുത്തത്. കളിക്കളം എന്നും ആണ്‍കുട്ടികള്‍ക്കുള്ളതാണ് എന്ന പൊതുബോധം ആണിന്റെ പേരിനൊപ്പം ചാര്‍ത്തിക്കൊടുക്കുന്ന ഇത്തരം വിശേഷണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മാര്‍ത്ത തിരുത്തുന്ന ഓരോ റെക്കോഡുകളും.

‘ഈ റെക്കോഡ് എനിക്ക് മാത്രം അവകാശപ്പെട്ടതല്ല. ഇത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഞാന്‍ കൂടുതല്‍ ആദരിക്കപ്പെടുകയാണ്. ആണുങ്ങളുടേത് മാത്രമെന്ന് ഇപ്പോഴും ചിലര്‍ വിശ്വസിക്കുന്ന കളിയില്‍ ചരിത്രം രചിക്കാനായതില്‍ സന്തോഷമുണ്ട്. റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് വനിതാ ഫുട്‌ബോള്‍ എത്രത്തോളം വികസിക്കുന്നു എന്ന് ഞങ്ങള്‍ കാണിച്ചുകൊടുക്കുന്നു. ഇത് മാര്‍ത്തയ്ക്ക് വേണ്ടി മാത്രമുള്ളതല്ല, എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്. ഇവിടെവരെ എത്തുക എന്നുള്ളത് വലിയ ഒരു അവസരമായാണ് കാണുന്നത്. സ്ത്രീശാക്തീകരണത്തിനും സമത്വത്തിനും വേണ്ടി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. സ്ത്രീകള്‍ക്ക് എല്ലാ റോളും നിര്‍വഹിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഞങ്ങള്‍. അതിര്‍ത്തി കടന്ന് സമത്വത്തിനായി പോരാടുകയാണ് ഞങ്ങള്‍. സമത്വത്തിന് വേണ്ടി പോരാടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഈ നേട്ടം സമര്‍പ്പിക്കുന്നത്’-ക്ലോസെയുടെ റെക്കോഡ് മറികടന്ന ശേഷം മാര്‍ത്ത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ലേഡി പെലെയെന്നും പാവാടയിട്ട പെലെയെന്നുമുള്ള വിളികളോടുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു ആ പ്രതികരണം.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more