| Tuesday, 1st November 2016, 9:58 pm

പ്രതിഷേധം ഫലം കണ്ടു; മുസ്‌ലീം യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.പി വിഭാഗം അദ്ധ്യാപികയായിരുന്ന ശരണ്യയെ തിരിച്ചെടുത്തത്. 


ഒറ്റപ്പാലം: മുസ്‌ലീം യുവാവിനെ വിവാഹം ചെയ്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുത്തു. അധ്യാപികയ്‌ക്കെതിരായ നടപടി സോഷ്യല്‍മീഡിയയിലും മറ്റും വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.പി വിഭാഗം അദ്ധ്യാപികയായിരുന്ന ശരണ്യയെ തിരിച്ചെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച സി.പി.ഐ.എമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹം.

എന്നാല്‍ വിവാഹ ശേഷം ഒരാഴ്ച അവധി ആവശ്യപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചപ്പോഴാണ് ഇനി സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് ശരണ്യയുടെ ഭര്‍ത്താവ് മുഹമ്മദ് ഹാരിസ് പറഞ്ഞു.

പഠിപ്പിക്കാനായി ഇനി സ്‌കൂളിലേക്ക് വരേണ്ടെന്നും സര്‍ട്ടിഫിക്കറ്റുകളും ബാക്കി നല്‍കാനുള്ള കുടിശികയും അങ്ങോട്ട് അയച്ച് തരാമെന്നുമാണ് അധികൃതര്‍ ശരണ്യയെ അറിയിച്ചത്.

അത് നേരില്‍ വാങ്ങിക്കാനായി സ്‌കൂളിലേക്കു വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ “വേണ്ട വേണ്ട അതെല്ലാം അങ്ങോട്ട് അയച്ച് തന്നോളാം” എന്നായിരുന്നു മറുപടിയെന്നും മുഹമ്മദ് ഹാരിസ് പറഞ്ഞിരുന്നു.

എം.എ ബി.എഡ് യോഗ്യതയുള്ള ശരണ്യ കഴിഞ്ഞ രണ്ട് വര്‍ഷമായി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായിരുന്നു.

ആറ് വര്‍ഷമായി ഹാരിസും ശരണ്യയും പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് വീട്ടുകാരും വിവാഹം എതിര്‍ത്തതോടെയാണ് പാര്‍ട്ടി ഓഫീസില്‍ വച്ച് വിവാഹം നടത്തിയത്. മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more