കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവചരിത്ര രചനയും പ്രസിദ്ധീകരണവുമായും ബന്ധപ്പെട്ട് എഴുത്തുകാരി ആദില ഹുസൈന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി മര്‍ക്കസ്. ജീവചരിത്ര പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏറെ ദൗര്‍ഭാഗ്യകരമെന്നായിരുന്നു മര്‍കസിന്റെ പ്രതികരണം. പുസ്തകം പുറത്തിറക്കുന്നതില്‍ തങ്ങള്‍ക്കോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ലെന്നും പ്രസ്തുത വിഷയത്തില്‍ നീതിപൂര്‍വം പരിഹാരം കാണണമെന്നും മര്‍കസ് അറിയിച്ചു.
വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പ് പ്രസാധകരെ അറിയിച്ചതായും മര്‍കസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മര്‍ക്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ജീവിതം പ്രമേയമാകുന്ന പുസ്തകം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം മര്‍കസ് ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥിയും പിന്നീട് അദ്ദേഹം കണ്ടെത്തിയ പ്രസാധകരും ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.
യാതൊരു ലാഭേച്ഛയും ഇല്ലാതെ ഒരു പൂര്‍വ വിദ്യാര്‍ഥി ചെയ്യുന്ന ഉദ്യമം എന്ന നിലക്ക് കഴിയുന്ന സഹകരണവും ചെയ്തിരുന്നു. ഇതില്‍ മര്‍കസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ലാത്തതാണ്.
ഈ പുസ്തകത്തിന്റെ പ്രസാധനത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഏറെ ദൗര്‍ഭാഗ്യകരമായി. പ്രസ്തുത വിഷയത്തില്‍ എത്രയും വേഗം നീതിപൂര്‍വം പരിഹാരം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പും പ്രസാധകരെ അറിയിച്ചിട്ടുണ്ട്.
കാന്തപുരത്തെ കുറിച്ചുള്ള ആദ്യ ഇംഗ്ലീഷ് ജീവചരിത്രമായ ‘വണ്‍ ടൈം വണ്‍ ലൈഫ്; ദി ഇന്‍ക്രഡിബിള്‍ സ്റ്റോറി ഓഫ് ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രസാധകര്‍ക്കെതിരെയാണ് എഴുത്തുകാരി ആദില ഹുസെെന്‍ രംഗത്തെത്തിയിരുന്നത്.
പ്രസാധകരായ മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് മറ്റൊരാളുടെ പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആദിലയുടെ വിമര്‍ശനം. ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് മര്‍കസ്.
നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രസാധകരില്‍ നിന്നുള്ള ദുരനുഭവം ആദില പങ്കുവെച്ചത്. താനെഴുതിയ പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് എന്നാണ് ആദില പോസ്റ്റില്‍ പറഞ്ഞിരുന്നത്. വളരെ ചെറിയ തുകയാണ് തനിക്ക് പ്രതിഫലമായി നല്‍കിയിരുന്നതെന്നും ആദില പറഞ്ഞു. പൈസ ആവശ്യപ്പെട്ട് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിലെത്തിയപ്പോള്‍ അപകീര്‍ത്തി കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആദില പറഞ്ഞു.
തുച്ഛമായ വേതനം നല്‍കിയാണ് തന്നെകൊണ്ട് ജോലിയെടുപ്പിച്ചത്. മാനുഷികമായ പരിഗണന പോലും നല്‍കാന്‍ പബ്ലിഷേഴ്സ് തയ്യാറായില്ല. അത്രയേറെ കഷ്ടപ്പെട്ട് എഴുതി തയ്യാറാക്കിയ, ദീര്‍ഘകാലത്തെ ബൗദ്ധിക അധ്വാനമായ പുസ്തകത്തിന് ക്രെഡിറ്റ് പോലും നല്‍കാത്തത് നിരാശയാണെന്നും തന്നോട് ചെയ്യുന്ന നീതികേടാണെന്നും ആദില നേരത്തെ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചിരുന്നു.
അതേസമയം, ഈ തട്ടിപ്പിനെ സംബന്ധിച്ച് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കോ അദ്ദേഹത്തിന്റെ മകന്‍ ഡോ. അബ്ദുല്‍ ഹക്കിം അസ്ഹരിക്കോ അറിവില്ലെന്നും അവര്‍ അറിഞ്ഞാല്‍ ഇക്കാര്യം അംഗീകരിക്കില്ലെന്ന് ഉറപ്പാണെന്നും ആദില പറഞ്ഞു. പ്രവാസിയായ ഒരു എഴുത്തുകാരന്റെ പേരിലാണ് ഇപ്പോള്‍ ഈ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്. താനുള്‍പ്പടെയുള്ള എഴുത്തുകാരുടെ രചനകള്‍ കോപ്പിയടിച്ച് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് അംഗീകരിക്കാനാകില്ല.
ഇതേ പുസ്തകത്തിലെ മറ്റ് ചാപ്റ്ററുകള്‍ എഴുതി നല്‍കിയവര്‍ പരാതിയുമായി വരാതിരിക്കാന്‍ പലരീതിയില്‍ ഒതുക്കിയിരിക്കുകയാണ്. തന്നെ പോലുള്ളവരെ കൊണ്ട് നിസ്സാര തുകയ്ക്ക് ജോലി ചെയ്യിപ്പിക്കുകയും പണം വാങ്ങി മറ്റൊരാളുടെ പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തട്ടിപ്പിന്റെ ഭാഗമാണിത്. ഇതുപോലെ അനേകം പേരാണ് തട്ടിപ്പിനിരയാകുന്നത്. തനിക്ക് മാന്യമായ പ്രതിഫലവും എഴുതി നല്‍കിയ ഭാഗത്തിന്റെ ക്രെഡിറ്റും വേണം,’ ആദില ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം പരാതി ഉന്നയിച്ച ആദിലയുമായുള്ള പ്രശ്‌നങ്ങള്‍ പോസിറ്റീവായി തന്നെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാജിക് മൂണ്‍ പബ്ലിക്കേഷന്‍സിന്റെ പ്രതിനിധി യാസര്‍ അറഫാത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആദിലയുമായി കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ടെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Markaz has issued an explanation regarding the allegations made by Adila Hussain regarding the biography of Kanthapuram A.P. Abubakar Musliyar.