| Wednesday, 27th August 2025, 4:14 pm

കോഹ്‌ലിയല്ല, പന്തെറിയാന്‍ ബുദ്ധിമുട്ടുള്ളത് മറ്റൊരു താരം: മാര്‍ക്ക് വുഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബൗള്‍ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡ്. രോഹിത് പലപ്പോഴും തനിക്കെതിരെ മുന്‍തൂക്കം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ഓവര്‍ലാപ്പ് ക്രിക്കറ്റ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വുഡ്.

‘കരിയറില്‍ പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള താരമായി എനിക്ക് തോന്നിയത് രോഹിത് ശര്‍മയാണ്. അവന്റെ ബലഹീനത ഷോര്‍ട്ട് ബോളാണ്. പക്ഷേ, ഫോമിലുള്ളപ്പോള്‍ പുറത്താക്കാന്‍ ഷോര്‍ട്ട് ബോള്‍ പരീക്ഷിച്ചാല്‍ അവന്‍ അത് സിക്‌സ് അടിക്കും.

അതുകൊണ്ട് തന്നെ അവനെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്. രോഹിത്തിന്റെ ബാറ്റ് എപ്പോഴും വീതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്,’ വുഡ് പറഞ്ഞു.

ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റില്‍ ഇരുവരും പലപ്പോഴും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. വുഡിനെതിരെ രോഹിത് 229 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍, അഞ്ച് തവണയാണ് വുഡിന് ഇന്ത്യന്‍ നായകനെ പുറത്താക്കാന്‍ സാധിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയുന്നതിനെ കുറിച്ചും വുഡ് സംസാരിച്ചു. കോഹ്‌ലി ഒരു അവിശ്വസനീയമായ എതിരാളിയാണെന്ന് താരം പറഞ്ഞു. കോഹ്‌ലിക്കെതിരെ വൈഡ് ലെങ്ങ്തില്‍ പന്തെറിയുന്നത് തനിക്ക് എപ്പോഴും വിജയകരമാണെന്ന് തോന്നിയിട്ടുണ്ടെന്നും വുഡ് കൂട്ടിച്ചേര്‍ത്തു.

വുഡിനെതിരെ വിരാട് കോഹ്‌ലിയ്ക്ക് വിവിധ ഫോര്‍മാറ്റുകളില്‍ നിന്ന് 99 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി എന്നാല്‍ ഒരിക്കല്‍ മാത്രമാണ് കോഹ്‌ലി താരത്തിന് മുന്നില്‍ വീണിട്ടുള്ളത്.

അതേസമയം, വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടി -20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിനായി കളത്തിലിറങ്ങുന്നത്.

Content Highlight: Mark Wood select Rohit Sharma as most difficult batter to bowl ahead of Virat Kohli

We use cookies to give you the best possible experience. Learn more