| Thursday, 6th November 2025, 5:09 pm

279ന്റെ വെടിക്കെട്ടില്‍ മൂന്ന് റണ്‍സിന്റെ വിജയം, റെക്കോഡ്; വമ്പന്‍ ത്രില്ലറില്‍ കിവീസ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍. ഒക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കിവികള്‍ സ്വന്തമാക്കിയത്.

ബ്ലാക് ക്യാപ്‌സ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചെടുക്കാന്‍ സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ മാര്‍ക് ചാപ്മാന്റെ വെടിക്കെട്ടിലാണ് മികച്ച സ്‌കോറിലെത്തിയത്. 28 പന്ത് നേരിട്ട് 78 റണ്‍സുമായാണ് ചാപ്മാന്‍ തിരിച്ചുനടന്നത്. ഏഴ് സിക്‌സറും ആറ് ഫോറും അടക്കം 278.57 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡിലും ചാപ്മാന്‍ തന്റെ പേരെഴുതിച്ചേര്‍ത്തു. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ചുരുങ്ങിയത് 25 പന്തുകള്‍ നേരിട്ടവരില്‍ ഏറ്റവും മികച്ച പ്രഹരശേഷിയുള്ള ന്യൂസിലാന്‍ഡ് താരമെന്ന നേട്ടമാണ് ചാപ്മാന്‍ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ന്യൂസിലാന്‍ഡ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക് റേറ്റ് (ചുരുങ്ങിയത് 25 പന്തുകള്‍)

(താരം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക് റേറ്റ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

മാര്‍ക് ചാപ്മാന്‍ – വെസ്റ്റ് ഇന്‍ഡീസ് – 78 (28) – 278.57 – ഓക്‌ലന്‍ഡ് – 2025*

ടിം സീഫെര്‍ട് – പാകിസ്ഥാന്‍ – 97* (38) – 255.26 – വെല്ലിങ്ടണ്‍ – 2025

മാര്‍ട്ടിന്‍ ഗപ്ടില്‍ – ശ്രീലങ്ക – 63 (25) – 252.00 – ഓക്‌ലന്‍ഡ് – 2016

ഫില്‍ അലന്‍ – ബംഗ്ലാദേശ് – 71 (29) – 244.82 – ഓക്‌ലന്‍ഡ് – 2021

മത്സരത്തില്‍ ചാപ്മാന് പുറമെ ടിം റോബിന്‍സണ്‍ (25 പന്തില്‍ 39), ഡാരില്‍ മിച്ചല്‍ (14 പന്തില്‍ പുറത്താകാതെ 28) എന്നിവരും കിവീസ് നിരയില്‍ ചെറുത്തുനിന്നു.

ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്യു ഫോര്‍ഡെ, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ഒരു ന്യൂസിലാന്‍ഡ് താരം റണ്‍ ഔട്ടായും മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ ബ്രാന്‍ഡന്‍ കിങ്ങിനെ ബ്രോണ്‍സ് ഡക്കായി നഷ്ടപ്പെട്ടു. ജേകബ് ഡഫിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ഓരോരുത്തരും തങ്ങളുടേതായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

ടോപ് ഓര്‍ഡറില്‍ അലിക് അത്തനാസും (25 പന്തില്‍ 33), മിഡില്‍ ഓര്‍ഡറില്‍ (റോവ്മന്‍ പവലും (16 പന്തില്‍ 45) ലോവര്‍ ഓര്‍ഡറില്‍ റൊമാരിയോ ഷെപ്പേര്‍ഡ് (16 പന്തില്‍ 34), മാത്യു ഫോര്‍ഡെ (13 പന്തില്‍ പുറത്താകാതെ 29) എന്നിവരും തിളങ്ങി. എന്നാല്‍ വിജയത്തിന് തൊട്ടരികിലെത്തി വിന്‍ഡീസ് വീണുപോവുകയായിരുന്നു.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയെങ്കിലും അടുത്ത മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ മൂന്ന് റണ്‍സിന് കരീബിയന്‍സ് തോല്‍വി സമ്മതിച്ചു.

കിവികള്‍ക്കായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജേകബ് ഡഫിയും കൈല്‍ ജാമൈസണും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ചെറിയ വിജയമാര്‍ജിനാണിത്.

ഹോം ഗ്രൗണ്ടില്‍ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ചെറിയ വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് – മൂന്ന് റണ്‍സ് – ഓക് ലന്‍ഡ് – 2025*

ശ്രീലങ്ക – മൂന്ന് റണ്‍സ് – മൗണ്ട് മംഗനൂയി – 2016

ഇന്ത്യ – നാല് റണ്‍സ് – ഹാമില്‍ടണ്‍ – 2019

ഓസ്‌ട്രേലിയ – നാല് റണ്‍സ് – ഡ്യൂന്‍ഡിന്‍ – 2021

ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. സാക്സ്റ്റണ്‍ ഓവലാണ് വേദി. വിജയിക്കുന്ന ടീമിന് പരമ്പരയില്‍ മുമ്പിലെത്താമെന്നിരിക്കെ വിജയം മാത്രം ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക.

Content Highlight: Mark Chapman achieves historic feat in second T20 against West Indies

We use cookies to give you the best possible experience. Learn more