| Friday, 14th March 2025, 9:58 pm

ട്രൂഡോ പടിയിറങ്ങി; കനേഡിയന്‍ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ചുമതലയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കാനഡയുടെ 24മാത് പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ചുമതലയേറ്റു. 59 കാരനായ മാര്‍ക്ക് കാര്‍ണി ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്നു.

ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു. അമേരിക്കയുമായുള്ള കാനഡയുടെ നികുതി തര്‍ക്കം ശക്തമാകുന്നതിനിടെയാണ് കടുത്ത ട്രംപ് വിരോധിയായ മാര്‍ക്ക് കാര്‍ണി ചുമതലയേല്‍ക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചെങ്കിലും സ്ഥാനാരോഹണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. 24 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാര്‍ക്ക് കാര്‍ണിയുടെ മന്ത്രി സഭ. ട്രൂഡോ മന്ത്രിസഭയിലെ 17 മന്ത്രിമാരെ പുറത്താക്കിയാണ് പുതിയ മന്ത്രിസഭ രൂപികരിച്ചിരിക്കുന്നത്.

ട്രൂഡോ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ മെലനി ജോളി, അന്താരാഷ്ട്ര വ്യാപാര വകുപ്പ് ഡൊമിനിക് ലെ ബ്ലാങ്ക് എന്നിവരെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ മിനിസിറ്റര്‍ ഓഫ് ഇന്നോവേഷന്‍ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയായും കമല്‍ ഖേരയെ ആരോഗ്യ വകുപ്പ് മന്ത്രിയായും നിയമിച്ചിട്ടുണ്ട്.

ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരാണ് കാര്‍ണിയെ പിന്തുണച്ചത്.

മാര്‍ക്ക് കാര്‍ണി 131,674 വോട്ടുകള്‍ നേടിയാണ് നേതൃത്വ മത്സരത്തില്‍ വിജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് 11,134 വോട്ടുകളും, കരീന ഗൗള്‍ഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ്ലിസ് 4,038 വോട്ടുകളും നേടി.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി മുമ്പ് പറഞ്ഞിരുന്നു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് 59-കാരനായ അദ്ദേഹം ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്.

കൂടുതല്‍ ഗുരുതരമായ മാന്ദ്യത്തില്‍ നിന്ന് കാനഡയെ രക്ഷിക്കാന്‍ സഹായിച്ച വേഗത്തിലും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

Content Highlight: Mark Carney appointed as new Prime Minister of Canada

We use cookies to give you the best possible experience. Learn more