| Tuesday, 24th November 2026, 7:39 pm

ഷാഫി എ ഗ്രൂപ്പിന്റെ ഭാഗമല്ല; ഉണ്ണിത്താനെ പിന്തുണച്ച് മറിയാമ്മ ഉമ്മന്‍

റെന്വര്‍ പി

കാസര്‍കോട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ അല്ലെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തെ പിന്തുണച്ച് മറിയാമ്മ ഉമ്മന്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് സത്യമാണെന്ന് മറിയാമ്മ ഉമ്മന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ പറഞ്ഞു. ഷാഫി പറമ്പില്‍ എ. ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രതിസന്ധി കാലത്ത് കുറച്ചുപേര്‍ മാത്രമെ ഉമ്മന്‍ചാണ്ടിയെയും തങ്ങളുടെ കുടുംബത്തെയും പിന്തുണച്ചിട്ടുള്ളൂവെന്നും മറിയാമ്മ ഉമ്മന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ടയാളാണ് ഉണ്ണിത്താനെന്നും അവര്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ എ. ഗ്രൂപ്പാണെങ്കില്‍ അത് എട്ടാമത്തെ അത്ഭുതമെന്നാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പ്രതിച്ഛായ നഷ്ടപ്പെടുമോയെന്ന് ഭയന്ന് ആരും അനങ്ങിയില്ല. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തന്നോടൊപ്പം ഉണ്ടായിരുന്നത് പാവപ്പെട്ട സിദ്ദിഖ് മാത്രമാണ്. കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍ കുമാര്‍ എന്നിവരെ സംരക്ഷിക്കാന്‍ താനാണ് ചാനലായ ചാനലുകളൊക്കെ കയറിയിറങ്ങിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

‘ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും ആക്രമിച്ചപ്പോള്‍ രക്ഷിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് ഞാന്‍. ഉമ്മന്‍ ചാണ്ടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സെന്ന് പറഞ്ഞ് ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഷാഫി പറമ്പിലിനെതിരെ ഞാന്‍ അരുതാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. എ ഗ്രൂപ്പില്‍ ഇല്ലെന്നാണ് പറഞ്ഞത്. എനിക്കെതിരായ ആക്രമണം ചില കോണ്‍ഗ്രസ് നേതാക്കള്‍ ആസ്വദിക്കുകയാണ്. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസില്ല. എനിക്ക് സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എനിക്ക് മറിയാമ്മയുടെയും മറിയത്തിന്റെയും ചാണ്ടി ഉമ്മന്റെയും സര്‍ട്ടിഫിക്കറ്റ് മതി.

ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് മനസിലായപ്പോള്‍ മറുകണ്ടം ചാടിയവരാണ് സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സുകാര്‍. കൂടുതല്‍ കാര്യങ്ങള്‍ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പെട്ടി താങ്ങികളെ കൊണ്ട് അത് ചെയ്യിക്കുന്ന ആളുകള്‍ നിര്‍ത്തണം. ഇല്ലെങ്കില്‍ മാന്യതയുടെ മുഖംമൂടി ഞാന്‍ വലിച്ചുകീറും. ആശാന്റെയും ശിഷ്യന്റെയും കാര്യങ്ങള്‍ എന്റെ ഡയറിയിലുണ്ട്.

ആക്രമണം നിര്‍ത്താന്‍ ഷാഫിയോട് പറഞ്ഞോളൂ. രണ്ട് ക്ലൂ ഞാന്‍ തരാം. അതിന്റെ കാരണം പിന്നീട് പറയാം. പനമ്പള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ട്. പിന്നെ ഒരു നേതാവിന്റെ കാറിന്റെ നമ്പര്‍ ട്വന്റി 20 ആണ്’ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

Content Highlight: Mariyamma Oommen About Remarks of Rajmohan Unnithan about Shafi Parambil

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more