| Tuesday, 8th March 2016, 7:15 am

ടെന്നിസ് കരിയര്‍ അപകടത്തിലെന്ന് ഷറപ്പോവയുടെ വെളിപ്പെടുത്തല്‍, വിനയായത് ഒരു ഇമെയില്‍ ക്ലിക്കു ചെയ്യാത്തത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മരിയ ഷറോപ്പോവയുടെ ടെന്നിസ് കരിയറും ഒളിമ്പിക് പ്രതീക്ഷകളും അപകടത്തിലാണ്.  ഇമെയില്‍ സന്ദേശമായി വന്ന ഒരു ലിങ്ക് ക്ലിക്കു ചെയ്യാന്‍ വിട്ടുപോയതാണ് ഇത്തരമൊരു അപകടത്തിലേക്ക് തന്നെ എത്തിച്ചതെന്നാണ് ഷറപ്പോവ പറയുന്നത്. മെല്‍ഡോണിയം കഴിക്കുന്നത് നിര്‍ത്തുകയെന്ന ഇമെയില്‍ സന്ദേശമാണ് താന്‍ വായിക്കാന്‍ വിട്ടുപോയതെന്നും അവര്‍ പറയുന്നു.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായി നടത്തിയ ഉത്തേജക പരിശോധനയില്‍ താന്‍ പരാജയപ്പെട്ടു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മരിയ ഷറോപ്പോവയിപ്പോള്‍. ഈ വര്‍ഷം വാഡ നിരോധിച്ച അധികമാര്‍ക്കും അറിയാത്ത ഒരു മരുന്ന് തന്റെ സാമ്പിളില്‍ കണ്ടെത്തിയെന്നും ഷറപ്പോവ അറിയിച്ചു.

ഇതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതിനെല്ലാം കാരണമെന്നും ഷറപ്പോവ ലോസാഞ്ചല്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

“എനിക്കറിയാം, ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്.” ഷറപ്പോവ പഞ്ഞു. “എന്റെ കരിയര്‍ ഇത്തരത്തില്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഈ മത്സരം കളിക്കാന്‍ എനിക്കു മറ്റൊരു അവസരം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അവര്‍ വ്യക്തമാക്കി.

മെല്‍ഡോണിയം കണ്ടെത്തിയതായി അറിയിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഷറപ്പോവയ്ക്കു നോട്ടീസ് ലഭിച്ചത്. ആരോഗ്യകരമായ പലകാരണങ്ങള്‍ കൊണ്ടും കഴിഞ്ഞ പത്തുവര്‍ഷമായി ഷറപ്പോവ ഇതു ഉപയോഗിക്കുന്നുണ്ട്. അടുത്തിടെയാണ് നിരോധിത മരുന്നുകളുടെ ലിസ്റ്റില്‍ വാഡ ഇതിനെയും ഉള്‍പ്പെടുത്തിയത്. ഡിസംബറില്‍ ഇതുസംബന്ധിച്ച് എല്ലാ താരങ്ങള്‍ക്കും സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്കു ചെയ്യാന്‍ വിട്ടുപോയതു കാരണം താന്‍ ഇത് അറിഞ്ഞില്ലെന്നാണ് ഷറോപ്പോവ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more