| Friday, 10th October 2025, 8:47 pm

'ഞങ്ങള്‍ വിജയത്തിന്റെ പടിവാതിക്കലാണ്'; നൊബേല്‍ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ച് മരിയ കൊറീന മച്ചാഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരാക്കസ്: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ച് പുരസ്‌കാര ജേതാവ് മരിയ കൊറീന മച്ചാഡോ.

നൊബേല്‍ പുരസ്‌കാരം വെനസ്വേലയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും ട്രംപിനും സമര്‍പ്പിക്കുന്നതായി മച്ചാഡോ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് മച്ചാഡോയുടെ പ്രതികരണം.

സ്വതന്ത്രവും ജനാധിപത്യവും നേടിയെടുക്കുന്നതിനായി തങ്ങള്‍ ട്രംപിനെയും യു.എസിനെയും ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങളെയും സഖ്യകക്ഷികളായി ആശ്രയിക്കുന്നുവെന്നും മച്ചാഡോ പറഞ്ഞു. വെനസ്വേലന്‍ ജനതയുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പുരസ്‌കാരമെന്നും മരിയ കുറിച്ചു.

വെനസ്വേലന്‍ ജനത വിജയത്തിന്റെ പടിവാതിക്കലാണ്. തനിക്ക് ലഭിച്ച അംഗീകാരം ഒരു പ്രോത്സാഹനമാണെന്നും മച്ചാഡോ പറയുന്നു. നിലവില്‍ മച്ചാഡോയുടെ ട്രംപുമായുള്ള ബന്ധം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ട്രംപിന് നൊബേല്‍ ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ അത് കിട്ടിയതുപോലെ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നിക്കോളാസ് മഡുറോയുടെ ഇടതുപക്ഷ സര്‍ക്കാരിന് എതിരെ നിലകൊള്ളുകയും അവിടെ ‘ജനാധിപത്യത്തിന്’ വേണ്ടി വാദിക്കുകയും ചെയ്തുവെന്നതാണ് മരിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന വാദവും ശക്തമായിട്ടുണ്ട്.

വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ ട്രംപ് സര്‍ക്കാരും പാശ്ചാത്യശക്തികളും മുതലാളിത്ത ശക്തികളും എതിര്‍പ്പുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് മരിയ നൊബേലിന് അര്‍ഹയായത്. നിക്കോളാസ് മഡുറോയുടെ രാഷ്ട്രീയ എതിരാളിയായ മരിയ കൊറീന 14 മാസമായി ഒളിവില്‍ കഴിയുകയാണ്.

മഡുറോ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെയാണ് മരിയ കൊറീന മച്ചാഡോ ഒളിവില്‍ പോയത്. 1967 ഒക്ടോബര്‍ ഏഴിന് കാരാക്കസിലാണ് മരിയ കൊറീന മച്ചാഡോ ജനിച്ചത്.

2002ല്‍ സുമതെ എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് മച്ചാഡോ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിന്നീട് 2013ല്‍ അവര്‍ സ്ഥാപിച്ച ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടിയായ വെന്റേ വെനസ്വേലയുടെ ദേശീയ കോ-ഓര്‍ഡിനേറ്ററുമായി.

Content Highlight: Maria Corina Machado dedicates Nobel Prize to Trump

We use cookies to give you the best possible experience. Learn more