| Sunday, 26th October 2025, 7:28 am

ജാതിക്ക് എതിരായി മാത്രമേ ഞാന്‍ സിനിമ ചെയ്യുള്ളൂ, അതില്‍ എന്നെ വിമര്‍ശിക്കരുത്: മാരി സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥകള്‍ മാത്രമേ താന്‍ ചെയ്യുള്ളൂവെന്ന് സംവിധായകന്‍ മാരി സെല്‍വരാജ്. കഴിഞ്ഞദിവസം നടന്ന ബൈസണ്‍ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയെക്കുറിച്ച് മാത്രമേ സിനിമ ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞ് തന്നെ വിമര്‍ശിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ട് ഇങ്ങനെയുള്ള സിനിമകള്‍ മാത്രം ചെയ്യുന്നു എന്ന ചോദ്യം ഇനി ചോദിക്കരുതെന്ന് മാരി സെല്‍വരാജ് പറഞ്ഞു. തന്നെ അത് വല്ലാതെ ബാധിക്കുന്നെന്നും വളരെ ഇമോഷണലായാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ മാത്രമല്ല, തന്റെ ജോലിയെയും തന്റെ നരേറ്റീവിനെയും ചിന്തകളെയും ഈ വിമര്‍ശനങ്ങള്‍ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരോട് തനിക്ക് എല്ലാ കാലത്തും സ്‌നേഹം മാത്രമേയുള്ളൂവെന്നും മാരി പറഞ്ഞു.

‘നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുന്നതുപോലെ എനിക്കും തിരിച്ച് ചോദ്യം ചെയ്യാനാകും. പക്ഷേ അത് വേണ്ടെന്നാണ് എന്റെ ആഗ്രഹം. എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കണമെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. ഇനിയും അത്തരം ചോദ്യം ചോദിച്ചാലും ഞാന്‍ ഇപ്പോള്‍ പോകുന്ന പാതയിലൂടെ മാത്രമേ പോകുള്ളൂ. പക്ഷേ, പ്രേക്ഷകരെ അവോയ്ഡ് ചെയ്യും.

ആരെങ്കിലും എന്റെ രാഷ്ട്രീയത്തെയോ എന്റെ കലയെയോ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചാല്‍ ഞാന്‍ അതിനെ മുറുകെ പിടിക്കും. എന്റെ പേര് മാരി സെല്‍വരാജ് എന്നാണ്. മാരി സെല്‍വരാജിന്റെ സിനിമകളെന്ന് പറഞ്ഞാല്‍ അതില്‍ ഇത്തരം എലമെന്റുകളുണ്ടാകും. അതിന് വേണ്ടി പുറപ്പെട്ടുവന്നവനാണ് മാരി സെല്‍വരാജ്. ജാതി സിനിമകള്‍ മാത്രം എടുക്കുന്നവനാണ് മാരി സെല്‍വരാജ് എന്ന് നിങ്ങളുടെ വാദം. എന്നെ സംബന്ധിച്ച് ജാതിയെ തുടച്ചുനീക്കാനുള്ള സിനിമകളാണ് ഞാന്‍ ചെയ്യുന്നത്.

ഇത് ഞാന്‍ അഹങ്കാരത്തോടെ പറയുന്നതല്ല, ഹൃദയത്തില്‍ നിന്ന് പറയുന്നതാണ്. എന്റെ ആര്‍ട്ട് ഫോമിനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജീവിതെ പണയം വെച്ചാണ് ഞാന്‍ സിനിമയെടുക്കുന്നത്. ഒരു വര്‍ഷം 300ലധികം പടങ്ങള്‍ റിലീസാകുന്നുണ്ട്. അതില്‍ ആവശ്യത്തിലധികം എന്റര്‍ടൈന്മെന്റ് പടങ്ങളുണ്ട്. എന്നെ അതില്‍ കൊണ്ടിടണം എന്ന് ചിന്തിക്കുന്നത് എന്തിനാണ്, വെറുതേ വിട്ടുകൂടെ,’ മാരി സെല്‍വരാജ് പറയുന്നു.

അര്‍ജുന അവാര്‍ഡ് ജേതാവ് മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി സെല്‍വരാജ് ബൈസണ്‍ ഒരുക്കിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. ധ്രുവ് വിക്രം നായകനായെത്തിയ ചിത്രത്തില്‍ പശുപതി, ലാല്‍, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍, അമീര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Mari Selvaraj saying he’ll only do caste oppressions films

We use cookies to give you the best possible experience. Learn more