തിയേറ്റര്‍ വിസിറ്റ് നടത്തുന്നതിനിടെ ബൈസണ്‍ കണ്ട് ബഹളമുണ്ടാക്കിയവരോട് ദേഷ്യപ്പെട്ട് സംവിധായകന്‍ മാരി സെല്‍വരാജ്. തന്റെ ഏറ്റവും പുതിയ സിനിമയായ ബൈസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വിസിറ്റ് നടത്തുകയായിരുന്നു അദ്ദേഹം.
സംസാരിക്കുന്നതിനിടെ കാണികളില്‍ കുറച്ച് പേര്‍ മദ്യപിച്ച് ബഹളം ഉണ്ടാകുന്നത് മാരി സെല്‍വരാജിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് ബഹളം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് താന്‍ മദ്യമല്ല തന്നതെന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായത്.
‘ഇങ്ങനെ ബഹളം ഉണ്ടാക്കാന്‍ മദ്യമല്ല ഞാന്‍ നിങ്ങള്‍ക്ക് തന്നത്. എന്റെ സിനിമ നിങ്ങള്‍ക്ക് ഒരു പുസ്തകം പോലെയാകണം എന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ അത് പഠിക്കണം, മദ്യം നല്‍കി നിങ്ങളെ ഡാന്‍സ് കളിപ്പിക്കാനല്ല ഞാന്‍ വന്നത്. ദയവ് ചെയ്ത് കള്ളുകുടിയന്‍മാന്‍മാരെ പോലെ പെരുമാറരുത്,’ മാരി സെല്‍വരാജ് പറഞ്ഞു.
മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ബൈസണ്‍ ഒക്ടോബര്‍ 17ന് ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ധ്രുവ് വിക്രം പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ പശുപതി, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തമിഴ് നാട്ടിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ കബഡി ടീമിലെത്തിയ കിട്ടന്‍ എന്ന യുവാവിന്റെ കഥയാണ് ബൈസണ്‍ പറയുന്നത്. ചിത്രത്തില്‍ ധ്രുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെയും നീലം സ്റ്റുഡിയോസ്സിന്റെയും ബാനറില്‍ സമീര്‍ നായര്‍, ദീപക് സീഗള്‍, പാ. രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
Content highlight: Mari Selvaraj is angry with those who created a ruckus after seeing a bison during a theater visit