| Tuesday, 1st December 2015, 8:11 pm

നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.  കൂടിയാട്ടത്തെ നവീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും  ഒരു മുഖ്യപങ്കു വഹിച്ചിട്ടുള്ള കലാകാരിയാണ് മാര്‍ഗി സതി.

1965ല്‍ സംസ്‌കൃത പണ്ഡിതരായ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടേയും പാര്‍വതി അന്തര്‍ജനനത്തിന്റെയും മകളായി  തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലായിരുന്നു മാര്‍ഗി സതിയുടെ ജനനം.

പതിനൊന്നാമത്തെ വയസ്സിലാണ് കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം അഭ്യസിച്ചു തുടങ്ങിയത്. കൂടിയാട്ടത്തിലെ അതികായരായ പൈങ്കുളം രാമ ചാക്യാര്‍, മണി മാധവ ചാക്യാര്‍, അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ ശിഷ്യയായ മാര്‍ഗി സതി അന്തരിച്ച പ്രശസ്ത ഇടയ്ക്ക വിദ്വാന്‍ സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഭാര്യയാണ്. ദൃഷ്ടാന്തം, നോട്ടം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1988 ല്‍ തിരുവനന്തപുരത്ത് മാര്‍ഗിയില്‍ ചേര്‍ന്ന സതി പദ്മശ്രീ പി.കെ നമ്പ്യാരുടെ കീഴില്‍ നങ്ങ്യാര്‍കൂത്തിലാണ് അവര്‍ പിന്നീട് ശ്രദ്ധേകേന്ദ്രീകരിച്ചു. ശ്രീ രാമചരിതം നങ്ങ്യാര്‍കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയാണ്.

2001ല്‍ കൂടിയാട്ടത്തെ ലോക പൈതൃക കലാരൂപമായി പ്രഖ്യാപിക്കുന്ന വേളയില്‍ ലോകമെമ്പാടുമായി തിരഞ്ഞെടുക്കപ്പെട്ട 500 വിശിഷ്ട അതിഥികളുടെ മുന്നില്‍ യുനെസ്‌കോ ആസ്ഥാനത്ത് കൂടിയാട്ടം അവതരിപ്പിച്ചത് മാര്‍ഗി സതിയായിരുന്നു.

നങ്ങ്യാര്‍കൂത്തിനെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. 2002 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 2008 ല്‍ കലാദര്‍പ്പണം അവാര്‍ഡ്, നാട്യരത്‌ന പുരസ്‌കാരം എന്നിവയും ലഭിച്ചു.

We use cookies to give you the best possible experience. Learn more