ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും ഗംഭീര പ്രകടനം കണ്ട സിനിമയായിരുന്നു മാരീശന്‍. സുധീഷ് ശങ്കറാണ് മാരീശന്റെ സംവിധാനം നിര്‍വഹിച്ചത്. മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിച്ച ചിത്രം ജൂലൈ 25ന് തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മാരീശന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രം ഓഗസ്റ്റ് രണ്ടിന് ഒ.ടി.ടിയിലെത്തും. നെറ്റ്ഫ്‌ലിക്‌സിലൂടെയായിരിക്കും മാരീശന്‍ ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നമ്മള്‍ തിരുവണ്ണാമലയിലേക്ക് പോകുകയാണെന്നും ഓഗസ്റ്റ് 22ന് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന മാരീശന്‍ നെറ്റ്ഫ്‌ലിക്‌സില്‍ കാണണമെന്ന അടിക്കുറിപ്പും സ്ട്രീമിങ് പ്ലാറ്റ്‌ഫോം പോസ്റ്ററിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അല്‍ഷിമേഴ്സ് രോഗിയായ വേലായുധം പിള്ളൈ എന്ന കഥാപാത്രത്തെയാണ് വടിവേലു ചിത്രത്തില്‍ അവതരിപ്പിച്ചത്. ദയ എന്ന കള്ളനായി വേഷമിട്ട ഫഹദ് എ.ടി.എമ്മില്‍ വെച്ച് പൈസയെടുക്കുന്ന വടിവേലുവിനെ കാണുന്നതും അയാളുടെ കൂടെ കൂടുന്നതിലൂടെയുമാണ് മാരീശന്റെ കഥ വികസിക്കുന്നത്. വേലായുധനും അദ്ദേഹത്തോടൊപ്പം കൊള്ളയടിക്കാന്‍ വേണ്ടി യാത്ര പുറപ്പെടുന്ന ദയ എന്ന കള്ളൻ ആ യാത്ര അവരുടെ ജീവിതം എന്നെന്നേക്കുമായി എങ്ങനെ മാറ്റിമറിക്കുന്നു എന്നതുമാണ് ചിത്രം പറയുന്നത്.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കലൈശെല്‍വന്‍ ശിവാജിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
Content Highlight: Mareesan Movie OTT Release Date