| Thursday, 6th February 2025, 12:51 pm

ഓസ്‌ട്രേലിയക്ക് വീണ്ടും വമ്പന്‍ തിരിച്ചടി; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലെ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് കാര്യങ്ങളും ഒട്ടും പന്തിയല്ല. ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടി നേരിടുകയാണ് കങ്കാരുക്കള്‍.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സടക്കം പരിക്കിന്റെ പിടിയലകപ്പെട്ട സാഹചര്യത്തില്‍ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ്. ഏകദിനത്തില്‍ നിന്നും ഉടന്‍ തന്നെ വിരമിക്കുകയാണെന്നും ഇനി ടി-20യില്‍ മാത്രമായിരിക്കും താന്‍ കളിക്കുകയെന്നും സൂപ്പര്‍ താരം വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം നേടിയ താരമാണ് സ്റ്റോയ്‌നിസ്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനം കളിക്കുക എന്നത് തന്റെ കരിയറിലെ ഏറ്റവും പ്രധാന നിമിഷമായിരുന്നുവെന്നും ഗ്രീന്‍ ആന്‍ഡ് ഗോള്‍ഡ് ധരിച്ച ഓരോ നിമിഷത്തിനും നന്ദിയുള്ളവനായിരിക്കുമെന്നും സ്‌റ്റോയ്‌നിസ് പറഞ്ഞു.

2015ലാണ് സ്റ്റോയ്‌നിസ് ഓസ്‌ട്രേലിയക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 71 മത്സരങ്ങളില്‍ താരം കങ്കാരുക്കളെ പ്രതിനിധീകരിച്ചു.

64 ഇന്നിങ്‌സില്‍ നിന്നും 26.69 ശരാശരിയില്‍ 1,495 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് താരം ഏകദിനത്തില്‍ സ്വന്തമാക്കിയത്. പന്തെറിഞ്ഞ് 64 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 12നാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഫൈനല്‍ സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടത്. ഈ സ്‌ക്വാഡില്‍ സ്റ്റോയ്‌നിസ് അടക്കമുള്ള താരങ്ങളുടെ പകരക്കാനെ ഓസ്‌ട്രേലിയ പ്രഖ്യാപിക്കും.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയ സ്‌ക്വാഡ് (നിലവില്‍)

ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍നസ് ലബുഷാന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി.

Content Highlight: Marcus Stoinis retires from ODI format

We use cookies to give you the best possible experience. Learn more