വീണ്ടും ലാ ലിഗയില്‍ രാജാക്കന്മാരായി മാറിയിരിക്കുകയാണ് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ എല്‍ ക്ലാസിക്കോയില്‍ വീഴ്ത്തിയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും കറ്റാലന്‍ പട കിരീടം കൈപ്പിടിയിലാക്കിയത്.
ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് വിട്ടത്. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ 14 പോയിന്റ് വ്യത്യാസം നേടാന്‍ ടീമിന് സാധിച്ചതോടെയാണ് ബാഴ്‌സയുടെ കിരീടനേട്ടം.
ചരിത്രത്തിലെ ബാഴ്‌സയുടെ 29ാം ലാലിഗ കിരീടനേട്ടമാമാണിത്. ചരിത്രത്തിലാദ്യമായാണ് ബാഴ്‌സ ഒരു എല്‍ ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തി ടൂര്‍ണമെന്റില്‍ ജേതാക്കളാവുന്നത്. തങ്ങളുടെ 29 കിരീടങ്ങളില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചു. മത്സരം തുടങ്ങി ഒമ്പതാം മിനിട്ടില്‍ തന്നെ കറ്റാലന്‍മാര്‍ ലീഡ് നേടി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. ബാഴ്‌സക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് മനോഹരമായി റാഷ്‌ഫോര്‍ഡ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗോൾ നേട്ടം ആഘോഷിക്കുന്ന മാർക്കസ് റാഷ്‌ഫോർഡ്. Photo: FC Barcelona/x.com
2012ന് ശേഷം ഇതാദ്യമായാണ് ഒരു ബാഴ്‌സ താരം റയലിന്റെ പോസ്റ്റിലേക്ക് ഫ്രീ കിക്കിലൂടെ ഗോള്‍ നേടുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയായിരുന്നു റയലിനെതിരെ ഫ്രീ കിക്കിലൂടെ ഇതിന് മുമ്പ് ഗോള്‍ നേടിയ ബാഴ്‌സ താരം. ഇപ്പോള്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം റയലിനെതിരെ മറ്റൊരു മഴവില്‍ ഗോളിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചിരുന്നത്.
റാഷ്‌ഫോഴ്സിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്‌സ 18ാം മിനിട്ടില്‍ ഫെറാന്‍ ടോറസിന്റെ ഗോളിലൂടെ ലീഡ് ഉയര്‍ത്തി. ശേഷിക്കുന്ന സമയം മത്സരത്തിലേക്ക് തിരിച്ചു വരാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ റയലിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബാഴ്‌സ വിജയവും കിരീടവും കൈപ്പിടിയിലാക്കുകയായിരുന്നു.
Content Highlight: Marcus Rashford score a Freekick Goal against real Madrid after Lionel Messi