ഫുട്‌ബോള്‍ ആരാധകരുടെ എക്കാലത്തെയും ഫേവറേറ്റുകളാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റൈൻ നായകൻ ലയണൽ മെസിയും. ഇരുവരും യൂറോപ്പിലെ ടോപ് ലീഗുകളിൽ നിന്ന് മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടും ഫുട്ബോൾ ചർച്ചകളിൽ ഈ പേരുകൾ സജീവമാണ്.
ഒപ്പം മെസിയാണോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരമെന്ന ചോദ്യം കളം വിടാതെ തുടരുകയാണ്. ഈ ഒരൊറ്റ ചോദ്യം ആരാധകരെ ഇരു ചേരിയിലാക്കാൻ കെൽപ്പുള്ളതാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. Photo: TCR/x.com
നിലവിൽ മെസിയും റൊണാൾഡോയും 900ത്തിലധികം ഗോളുകളടിച്ച് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. അതിനാൽ ആരാണ് ഇവരിൽ മികച്ചതെന്ന് ചോദ്യം വീണ്ടും സജീവമാകുകയാണ്. അതിനിടയിൽ വീണ്ടും ചര്‍ച്ചയാവുകയാണ് ഇംഗ്ലണ്ട് ഫുട്‌ബോളറും ബാഴ്‌സലോണ താരവുമായ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഒരു വീഡിയോ. 2018ലെ താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മെസി, റൊണാള്‍ഡോ എന്നീ ഇതിഹാസങ്ങളില്‍ ആരാണ് മികച്ചതെന്ന് തെരഞ്ഞെടുക്കുകയാണ് ഈ വീഡിയോയിൽ റാഷ്ഫോര്‍ഡ്. ലയണല്‍ മെസിയെയാണ് ബാഴ്‌സ ഫോർവേഡ് ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്.
താന്‍ ഒരു റൊണാള്‍ഡോ ആരാധകന്‍ ആണെന്നും റാഷ്ഫോര്‍ഡ് ഈ വീഡിയോയില്‍ പറയുന്നുണ്ട്. സി.എന്‍.എന്നില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ക്കസ് റാഷ്ഫോര്‍ഡ്.
മാര്‍ക്കസ് റാഷ്ഫോര്‍ഡ്.
‘അദ്ദേഹം ചെയ്യുന്ന ചില കാര്യങ്ങള്‍ വളരെ അവിശ്വസനീയമാണ്. ഞാനും (ക്രിസ്റ്റ്യാനോ) റൊണാള്‍ഡോയുടെ വലിയ ആരാധകനാണ്. പക്ഷേ എക്കാലത്തെയും മികച്ച കളിക്കാരാണെന്ന് ഞാൻ കരുതുന്നത് ലയണൽ മെസിയെയാണ്,’ റാഷ്ഫോര്‍ഡ് പറഞ്ഞു.
ക്രിസ്റ്റ്യാനോയ്ക്കൊപ്പം റാഷ്ഫോര്‍ഡ് ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നു. റോണോയുടെ യൂണൈറ്റഡിലേക്കുള്ള രണ്ടാം വരവിലായിരുന്നു ഇംഗ്ലണ്ട് താരം പോര്‍ച്ചുഗല്‍ ഇതിഹാസവുമായി ഒന്നിച്ച് പിച്ച് പങ്കിട്ടത്.
നിലവിൽ റൊണാൾഡോ 1000 ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് കുതിക്കുകയാണ്. താരം ഇതിനകം തന്നെ 965 ഗോളുകൾ വലയിലാക്കിയിട്ടുണ്ട്. മെസിയും തൊട്ട് പിന്നിൽ തന്നെയുണ്ട്. അർജന്റൈൻ ഇതിഹാസത്തിന്റെ പേരിൽ 901 ഗോളുകളാണുള്ളത്.
Content Highlight: Marcus Rashford picks best footballer among Cristiano Ronaldo and Lionel Messi