സിനിമകളിലെ വയലന്‍സ് ആളുകളെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ തന്റെ സിനിമകളില്‍ വയലന്‍സിനെ ഇനി പ്രൊമോട്ട് ചെയ്യില്ലെന്ന് മാര്‍ക്കോ സിനിമയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്. ഏഷ്യാനെറ്റ് ന്യൂസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംവിധായകനും എഴുത്തുകാരനും സിനിമക്ക് എന്താണോ വേണ്ടത് അതാണ് കാണിക്കാറുള്ളതെന്നും എന്നാല്‍ അവരാരും വയലന്‍സിനെ പ്രൊമോട്ട് ചെയ്യാനോ സമൂഹത്തില്‍ വയലന്‍സ് ഉണ്ടാക്കാനോ വേണ്ടിയല്ല സിനിമകള്‍ ചെയ്യുന്നതെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഈ സിനിമയെന്ന് ആദ്യം മുതല്‍ക്കേ പറഞ്ഞിരുന്നുവെന്നും നമ്മുടെ പെര്‍സ്‌പെക്ടീവാണ് മാറേണ്ടത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സംവിധായകനും എഴുത്തുകാരനും എപ്പോഴും ചെയ്യുന്നത് ആ സിനിമയുടെ കഥക്ക് ആവശ്യമുള്ളത് കാണിക്കുക എന്നതാണ്. വയലന്‍സിനെ പ്രൊമോട്ട് ചെയ്യുകയോ സമൂഹത്തില്‍ വയലന്‍സ് ഉണ്ടാക്കണമെന്നോ കരുതി അവരാരും സിനിമ ചെയ്യില്ല.
എന്നാല്‍ ഇപ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ കാണുമ്പോള്‍, പല സംഭവങ്ങളും പേടിപെടുത്തുന്നുണ്ട്. ഇത്രയും വയലന്‍സുള്ള സിനിമയാണ് നമ്മള്‍ മാര്‍ക്കറ്റിലേക്ക് ഇറക്കുന്നത് എന്ന് കാണിച്ചുകൊണ്ടുള്ള പ്രൊമോഷനും മറ്റും തന്നെയാണ് നമ്മള്‍ നടത്തിയിരുന്നത്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ ഈ സിനിമ കാണരുതെന്ന് നമ്മള്‍ പോസ്റ്ററിലൂടെയും മറ്റ് പ്രൊമോഷനിലൂടെയും പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സിനിമയെ സിനിമയായിട്ട് കാണാനും ജീവിതത്തില്‍ എന്താണ് ഇമ്പോര്‍ട്ടന്റ് എന്ന് മനസിലാക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്. നമ്മുടെ പെര്‍സ്‌പെക്ടീവാണ് മാറേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാര്‍ക്കോ എന്ന സിനിമയല്ല ആദ്യമായി വയലന്‍സ് കാണിക്കുന്ന ചിത്രം. ഒരു ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ വയലന്‍സ് സ്വാധീനിക്കുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ ഞാന്‍ ഇനി വയലന്‍സിനെ പ്രൊമോട്ട് ചെയ്യില്ല,’ ഷെരീഫ് മുഹമ്മദ് പറയുന്നു.
നേരത്തെ മാര്‍ക്കോയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
2024ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രം തിയേറ്ററിലെത്തിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് കാണാന്‍ പാടില്ലാത്ത തരത്തില്‍ അതിക്രൂരമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.
Content highlight: Marco producer Sharif Mohammed says he will no longer promote violence in his films