സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തിരിച്ചുനടന്നു. ഹര്‍ഷിത് റാണയോട് തോറ്റ് റിയാന്‍ റിക്കല്‍ടണും ക്വിന്റണ്‍ ഡി കോക്കും പൂജ്യത്തിന് കൂടാരം കയറി,
അധികം വൈകാതെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും ഒറ്റയക്കത്തിന് മടങ്ങിയതോടെ പ്രോട്ടിയാസ് 11ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
നാലാം വിക്കറ്റില്‍ മാത്യൂ ബ്രീറ്റ്‌സ്‌കെയും ടോണി ഡി സോര്‍സിയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പ്രോട്ടിയാസ് സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ സോര്‍സിയെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ ഡെവാള്‍ഡ് ബ്രെവിസ് 37 റണ്‍സും നേടി മടങ്ങി.
ഇന്ത്യന്‍ ആരാധകരുടെ ഹൃദയമിടിപ്പിന് വേഗം കൂടിയ നിമിഷങ്ങള്‍ക്കാണ് ശേഷം റാഞ്ചി സാക്ഷ്യം വഹിച്ചത്. മാത്യൂ ബ്രീറ്റ്‌സ്‌കെയെ ഒപ്പം കൂട്ടി മാര്‍കോ യാന്‍സെന്‍ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജീവന്‍ നല്‍കി. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ദുസ്വപ്‌നങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ ഓള്‍റൗണ്ടര്‍ വീണ്ടും തന്റെ മാജിക് പുറത്തെടുത്തു.
മാര്‍കോ യാന്‍സെനും ബ്രീറ്റ്‌സ്‌കെയും മത്സരത്തിനിടെ | Photo: Proteas Men
സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരെ വിരാട് കോഹ്‌ലി എങ്ങനെ ആക്രമിച്ചോ, അതേ രീതിയില്‍ ഫിയര്‍ലെസ് ക്രിക്കറ്റ് പുറത്തെടുത്ത് യാന്‍സെനും ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയൊതുക്കി.
പരിചയസമ്പന്നരായ ക്വിന്റണ്‍ ഡി കോക്കും ഏയ്ഡന്‍ മര്‍ക്രവും പാടെ നിരാശപ്പെടുത്തിയ മണ്ണില്‍ നേരിട്ട 26ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി യാന്‍സെന്‍ തിളങ്ങി.
അവിടംകൊണ്ടും നിര്‍ത്താന്‍ യാന്‍സെന്‍ ഒരുക്കമായിരുന്നില്ല. വിജയലക്ഷ്യം അകലെയെന്ന ഉറച്ച ബോധ്യത്തില്‍ അവന്‍ ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചുകൊണ്ടേയിരുന്നു.
34ാം ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് സൗത്ത് ആഫ്രിക്കന്‍ കൊടുങ്കാറ്റിനെ പിടിച്ചുകെട്ടി ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. പുറത്താകുമ്പോള്‍ എട്ട് ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ സ്വന്തമാക്കിയത് 39 പന്തില്‍ 70 റണ്‍സ്. സ്‌ട്രൈക് റേറ്റ് 179.49!
ആറാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് യാന്‍സെന്‍-ബ്രീറ്റ്‌സ്‌കെ ദ്വയം ടോട്ടിലേക്ക് ചേര്‍ത്തുവെച്ചത്. അതില്‍ യാന്‍സെന്റെ ബാറ്റില്‍ നിന്നും പിറന്നത് 70 ശതമാനത്തിലേറെ റണ്‍സാണ്.
യാന്‍സെന് പിന്നാലെ അധികം വൈകാതെ മാത്യു ബ്രീറ്റ്‌സ്‌കെയെയും കുല്‍ദീപ് മടക്കി. 80 പന്തില്‍ 72 റണ്‍സ് നേടിയാണ് ബ്രീറ്റ്‌സ്‌കെ പുറത്തായത്.
നിലവില്‍ 36 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 242 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 11 പന്തില്‍ 12 റണ്‍സുമായി കോര്‍ബിന്‍ ബോഷും അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി പ്രേനലന്‍ സുബ്രായനുമാണ് ക്രീസില്‍.
Content Highlight: Marco Janssen’s explosive batting performance against India