| Sunday, 13th July 2025, 6:39 pm

മറാത്തിയെ അപമാനിച്ചതില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച് യു.ബി.ടി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യു.ബി.ടി) പ്രവര്‍ത്തകര്‍. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മറാത്തി വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് യു.ബി.ടി പ്രവര്‍ത്തകര്‍ ഡ്രൈവറെ ആക്രമിച്ചത്.

അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യു.ബി.ടി പ്രവര്‍ത്തകര്‍ ഡ്രൈവറെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതായി ഈ ദൃശ്യങ്ങളില്‍ കാണാം.

കൂടാതെ, ഓട്ടോറിക്ഷ ഡ്രൈവറെ പാഠം പഠിപ്പിച്ചുവെന്നും മറാത്തി ഭാഷയെയും സംസ്ഥാനത്തെയും അപമാനിക്കുന്നവര്‍ക്ക് ശരിയായ ശിവസേനയുടെ ശൈലിയില്‍ മറുപടി നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നതായും വീഡിയോയില്‍ കേള്‍ക്കാം.

എന്നാല്‍ യു.ബി.ടി പ്രവര്‍ത്തകരുടെ നടപടിയില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. മര്‍ദനത്തിന്റെ വീഡിയോകള്‍ കണ്ടെങ്കിലും ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മറാത്തി ഭാഷയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് യു.ബി.ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ശനിയാഴ്ച വിരാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം ആളുകള്‍ ഡ്രൈവറെ മര്‍ദിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര സംസ്‌കാരത്തെ അപമാനിച്ചതില്‍ ഡ്രൈവറെ കൊണ്ട് യു.ബി.ടി പ്രവര്‍ത്തകര്‍ മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ മറാത്തി ജനതയെ അപമാനിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ തങ്ങള്‍ നിശബദരായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ശിവസേന വിരാര്‍ മേധാവി ഉദയ് ജാദവ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം താനെയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറാത്തിയില്‍ സംസാരിക്കാത്തതിനെ തുടര്‍ന്ന് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ഒരാളെ മര്‍ദിച്ചു. ഭയാന്തറില്‍ ഹോട്ടല്‍ നടത്തുന്ന ഒരാളാണ് ആക്രമണത്തിനിരയായത്.

ഇതിന് പിന്നാലെ എം.എന്‍.എസിനെതിരെ പ്രതിഷേധവുമായി പ്രദേശത്തെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ശേഷം വ്യാപാരികളുടെ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ എം.എന്‍.എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ മാര്‍ച്ച് നടത്തി. യു.ബി.ടി, എന്‍.സി.പി ശരദ് പവാര്‍ വിഭാഗം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

നിലവില്‍ മറാത്തിയെ മുന്‍നിര്‍ത്തി മഹാരാഷ്ട്രയിലെ ജനങ്ങളെ ഒപ്പം നിര്‍ത്താനാണ് ഉദ്ധവ് വിഭാഗം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒരേ വേദിയിലെത്തിയിരുന്നു.

ബാലാസാഹേബ് താക്കറെയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഹിന്ദി ഭാഷാ നയം പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്ന മെഗാ വിജയ സമ്മേളനത്തിലാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചൊരു വേദി പങ്കിടുന്നത്.

Content Highlight: UBT workers beat up autorickshaw driver for insulting Marathi

Latest Stories

We use cookies to give you the best possible experience. Learn more