| Sunday, 14th December 2025, 4:23 pm

സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ മറാത്ത സാമ്രാജ്യം ഒരു പാരഗ്രാഫിലൊതുങ്ങിയിരുന്നു; ഇന്ന് 21 പേജിലേക്ക് വ്യാപിച്ചു: ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ ശിവജിയുടെ മറാത്ത സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്തിയത് മനപൂര്‍വമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

മുഗള്‍ സാമ്രാജ്യത്തെ കുറിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് മറാത്ത സാമ്രാജ്യത്തെ കുറിച്ച് പറയാന്‍ കൂടുതല്‍ പേജുകള്‍ മാറ്റിവെച്ചതെന്നും ഫഡ്‌നാവിസ് വിശദീകരിച്ചു.

മുമ്പ് മറാത്ത സാമ്രാജ്യമായ ഹിന്ദവിയെ കുറിച്ച് ഒരു പാരഗ്രാഫ് മാത്രമാണ് പാഠപുസ്തകങ്ങളിലുണ്ടായിരുന്നത്. ഇന്നത് 21 പേജിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ മുഗള്‍ സാമ്രാജ്യത്തെ കുറിച്ച് പാഠപുസ്തകങ്ങളിലുണ്ടായിരുന്നു.

17 പേജുകളാണ് മുഗള്‍ സാമ്രാജ്യത്തിനായി മാറ്റിവെച്ചിരുന്നത്. ആ ചരിത്രം ഇപ്പോള്‍ മാറിയിരിക്കുന്നു. അസന്തുലിതാവസ്ഥ ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ശിവജിയെ മഹാരാഷ്ട്രയില്‍ മുമ്പ് തന്നെ അംഗീകരിച്ചിരുന്നു. എന്നാല്‍, ദേശീയതലത്തില്‍ ഈ വിഷയത്തില്‍ നിരവധി തെറ്റിദ്ധാരണകളുണ്ടായിരുന്നു. എന്നാല്‍ സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലുണ്ടാക്കിയ മാറ്റങ്ങളിലൂടെ വിടവുകളെല്ലാം നികത്തപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ഫഡ്നാവിസ് സംസാരിച്ചു. വലിയ സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മാനദണ്ഡങ്ങളിലും മികച്ചതാണ് മഹാരാഷ്ട്രയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ലഡ്കി ബഹിന്‍ പോലുള്ള പദ്ധതികളും കര്‍ഷക ക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും സംസ്ഥാനത്തിന്റെ ധനക്കമ്മി മൂന്ന് ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്താനായി. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര രാജ്യത്ത് തന്നെ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ഡിസംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഡിസംബര്‍ 14നാണ് അവസാനിക്കുന്നത്.

Content Highlight: Maratha Empire was limited to one paragraph in CBSE textbook; today it has expanded to 21 pages: Devendra Fadnavis

We use cookies to give you the best possible experience. Learn more