| Saturday, 2nd August 2025, 10:41 pm

'കൃത്യ സമയത്ത് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ജാമ്യം പോലും കിട്ടില്ലായിരുന്നു'; പാംപ്ലാനിയെ പരിഹസിച്ച് വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ ജയില്‍മോചനത്തില്‍ കേന്ദ്രസര്‍ക്കാരിന് നന്ദിയറിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

‘കൃത്യ സമയത്ത് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ജാമ്യം പോലും കിട്ടില്ലായിരുന്നു’വെന്ന് പറഞ്ഞാണ് സനോജ് പരിഹാസം ഉയര്‍ത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി.കെ. സനോജ് പാംപ്ലാനിക്കെതിരെ രംഗത്തെത്തിയത്.

ബിലാസ്പൂരിലെ എന്‍.ഐ.എ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച പാംപ്ലാനി കേന്ദ്രത്തിന് നന്ദിയറിയിച്ചിരുന്നു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. കന്യാസ്ത്രീകളുടെ മോചനമായിരുന്നു പ്രധാന ലക്ഷ്യം. കൂടാതെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തുകയും. അതിനുവേണ്ടിയാണ് തെരുവിലിറങ്ങിയതെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു.

ഇനിയങ്ങോട്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികളുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നടപടിയുണ്ടാകുമെന്ന് പ്രതീഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പരിഹാസം.

ഇന്ന് (ശനി) രാവിലെ ജാമ്യം ലഭിച്ച കന്യാസ്ത്രീകള്‍ വൈകുന്നേരത്തോടെ ജയില്‍മോചിതരായി. കേരളത്തില്‍ നിന്നുള്ള പ്രതിനികളും സഭ നേതൃത്വവും കുടുംബാംഗങ്ങളും ചേര്‍ന്നാണ് കന്യാസ്ത്രീകളെ സ്വീകരിച്ചത്. അതേസമയം ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

നിലവില്‍ സുരക്ഷാഭീഷണി കണക്കിലെടുത്ത് കന്യാസ്ത്രീകള്‍ക്ക് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കര്‍ശനമായ ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍.ഐ.എ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, പത്ര-മാധ്യമങ്ങളോട് സംസാരിക്കരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിവയാണ് ഉപാധികള്‍.

Content Highlight: V.K. Sanoj mocks Pamplany

We use cookies to give you the best possible experience. Learn more