| Saturday, 26th July 2025, 10:06 am

സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ല; യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിക്കണം: പാംപ്ലാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമര്‍ശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

വിശ്വാസികളുടെ എണ്ണം കുറയുന്നതിനുള്ള പരിഹാരമായാണ് പാംപ്ലാനിയുടെ ആഹ്വാനം. യുവാക്കള്‍ ജോലിക്കായി വിദേശത്തേക്ക് പോകുന്നത് സമുദായത്തെ തകര്‍ക്കുമെന്നും പാംപ്ലാനി പറഞ്ഞു.

‘മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണ് തന്റെ കല്യാണം നടക്കാതിരുന്നതിന് കാരണമെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല. അതുപോലെ നമ്മുടെ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30, 40 ലക്ഷം വായ്പയെടുത്ത് വിദേശത്തേക്ക് പോകാന്‍ യുവജനങ്ങളില്‍ ഒരു വ്യഗ്രതയുണ്ട്. ഇത് സമുദായത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്,’ പാംപ്ലാനി പറഞ്ഞു.

സമുദായത്തിനുള്ളില്‍ നിരവധി ആളുകള്‍ വിവാഹം കഴിക്കാതെ തുടരുന്നുണ്ട്. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങള്‍ നാണംകുണിങ്ങികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നുമാണ് തന്റെ അഭിപ്രായം. ഇതില്‍ മാറ്റം വരുത്തി യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.

സഭയുടെ കീഴിലുള്ള എഞ്ചിനീയറിങ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഴ്‌സിങ് കോളേജുകളിലും ആശുപത്രികളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പാംപ്ലാനിയുടെ പരാമര്‍ശം.

പ്രണയത്തിനും ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതിനും എതിരെ രംഗത്തുണ്ടായിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.

Content Highlight: young people should get married before the age of 25: Pamplany

We use cookies to give you the best possible experience. Learn more