| Wednesday, 15th October 2025, 7:06 am

ഒരുപാട് സ്ത്രീകൾ എനിക്ക് മെസേജ് ചെയ്തു; ലോകഃ അവരുടെ കൂടി വിജയം: ശാന്തി ബാലചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ സിനിമകളുടെ കളക്ഷൻ റെക്കോഡാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം തകർത്തത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും തരംഗം സൃഷ്ടിക്കാൻ ലോകഃക്ക് സാധിച്ചു.

ചരിത്രത്തിലാധ്യമായി 300 കോടി നേടാൻ ലോകഃക്ക് സാധിച്ചു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി ബാലചന്ദ്രൻ കൂടി ചേർന്നിട്ടാണ്. ഇപ്പോൾ സിനിമാമേഖലയിലേക്ക് വരാൻ കാത്തിരിക്കുന്ന സ്ത്രീകൾ തനിക്ക് മെസേജ് അയച്ചിരുന്നെന്നും ലോകഃയുടെ വിജയം അവർക്ക് കൂടിയുള്ളതാണെന്നും ശാന്തി പറയുന്നു.

‘തിരക്കഥ എഴുതി സിനിമാക്കി ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകൾ എനിക്ക് മെസേജ് ചെയ്തിരുന്നു. അവരുടെ കൂടി വിജയമായിട്ടാണ് ലോകഃയെ അവർ കണ്ടത്. ആത്മാർഥമായി പ്രവർത്തിച്ച് നല്ല ടീമിന്റെ ഭാഗമായാൽ സിനിമ സംഭവിക്കും, ആളുകൾ കാണാൻ വരും.

സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഡ്രാമ, ട്രോമ ടൈപ്പ് ആയിരിക്കും എന്ന സങ്കല്പമുണ്ട്. അതങ്ങനെയല്ല. ജീവിതത്തെ നന്നായി ആസ്വദിക്കുന്ന സ്ത്രീകളും ഉണ്ട്. എന്റെ സൂര്യപുത്രിക്ക്, സൂക്ഷ്മദർശിനി തുടങ്ങിയ സിനിമകൾ വന്നിട്ടുണ്ടല്ലോ,’ ശാന്തി ബാലചന്ദ്രൻ പറയുന്നു.

വളരെ കുറച്ച് സിനിമകൾ മാത്രമാണ് ശാന്തി അഭിനയിച്ചിട്ടുള്ളത്. അതിന്റെ കാരണത്തെക്കുറിച്ചും അവർ സംസാരിച്ചു, പരീക്ഷണ ചിത്രങ്ങളാണ് താൻ കൂടുതലും ചെയ്തിട്ടുള്ളതെന്നും ചെയ്യുന്നത് ഹിറ്റായിട്ടില്ലെങ്കിൽ പിന്നീട് ചിത്രങ്ങൾ കുറവായിരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.

‘സ്റ്റാർ ആക്ടർ അല്ലാത്തതുകൊണ്ട് വരുന്ന സ്‌ക്രിപ്റ്റുകൾ കുറവായിരിക്കും. നല്ലത് തെരഞ്ഞെടുക്കുക എന്ന ഓപ്ഷൻ മാത്രമേയുള്ളൂ. ചെയ്യുന്നത് ഹിറ്റായില്ലെങ്കിൽ പിന്നീട് സിനിമകൾ കുറവാകും. ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ പരീക്ഷണ സിനിമകളാണ് ഞാൻ കൂടുതലും ചെയ്തിട്ടുള്ളത്.ലോകഃയിലൂടെ ജനപ്രിയസിനിമയുടെ ഭാഗമാവാനായി. പ്രതീക്ഷിക്കാത്ത സ്വീകരണമാണ്
ലോകഃ ക്ക് കിട്ടിയത്,’ ശാന്തി പറയുന്നു.

Content Highlight: Many women messaged me; Lokah, their success too says Santhy Balachandran

We use cookies to give you the best possible experience. Learn more