| Thursday, 13th March 2025, 4:37 pm

പാര്‍വതി തിരുവോത്തിനെപ്പോലെയുള്ളവര്‍ തുറന്ന് പറയുന്നത് കൊണ്ടാണ് പലതും മെച്ചപ്പെട്ട് വന്നത്: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ നടനാണ് ഹരീഷ് പേരടി. സിനിമയോടൊപ്പം തന്നെ നാടകം, സീരിയല്‍ എന്നിവയിലും സജീവമാണ് ഹരീഷ്. പത്തൊന്‍പതാം വയസില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായിട്ടാണ് ഹരീഷ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തെരുവു നാടകങ്ങളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്.

സിബി മലയിലിന്റെ ആയിരത്തിലൊരുവന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവന്‍ എന്ന മുഴുനീള കഥാപാത്രത്തിനെ അവതരിപ്പിച്ചു. ആ സിനിമയിലെ രാഷ്ട്രീയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ഹരീഷ് പേരടി.

ഇപ്പോള്‍ നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് സംസാരിക്കുകയാണ് ഹരീഷ് പേരടി. ഇപ്പോഴും ബോഡി ഷെയിമിങ് നടക്കുന്നുണ്ടെന്നും അതിനൊരു കുറവ് വന്നത് പുതിയ കുട്ടികള്‍ ഇത്തരം വിഷയം സംസാരിക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്നും ഹരീഷ് പേരടി. പാര്‍വതി തിരുവോത്തിനെയൊക്കെ എടുത്ത് പറയേണ്ടതാണെന്നും തുറന്ന് പറയുന്നവരെ ഇരയാക്കപ്പെടുമെന്നും ഹരീഷ് പേരടി പറയുന്നു.

ബോഡ് ഷെയിമിങ് ഇപ്പോഴും നടക്കുന്നുണ്ട്, അതിന് കുറച്ചൊരു കുറവ് വന്നത് പുതിയ കുട്ടികള്‍ ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത് കൊണ്ടാണ്

ജീവിച്ചിരിക്കുമ്പോള്‍ തുറന്ന് പറയുന്നതിന് ആരാണോ നേതൃത്വം കൊടുക്കുന്നത് അവര്‍ ഒരുപാട് കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഹരീഷ് പറയുന്നു . ഗാന്ധി മഹാത്മാവായത് അദ്ദേഹത്തിന്റെ മരണശേഷമാണെന്നും ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെയല്ലെന്നും വെടിവെച്ച് കൊല്ലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ബോഡ് ഷെയിമിങ് ഇപ്പോഴും നടക്കുന്നുണ്ട്, അതിന് കുറച്ചൊരു കുറവ് വന്നത് പുതിയ കുട്ടികള്‍ ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. തുറന്നു പറയാന്‍ തുടങ്ങിയത് കൊണ്ടാണ്. സിനിമയിലെ തന്നെ പ്രശ്‌നങ്ങള്‍ നമുക്ക് അറിഞ്ഞുകൂടെ? പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പുതിയ കുട്ടികള്‍ പറയുന്നുണ്ട്.

പാര്‍വതി തിരുവോത്തിനെയൊക്കെ നമ്മള്‍ എടുത്ത് പറയേണ്ടതാണ്. അവരെപ്പോലെയുള്ള പുതിയ കുട്ടികള്‍ കുറെ കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴല്ലെ പഴയ സ്ത്രീകള്‍ക്ക് കൂടി ഇപ്പോള്‍ കുറെ കാര്യങ്ങള്‍ മെച്ചപ്പെട്ട് തുടങ്ങിയത്.

ആദ്യം തുറന്ന് സംസാരിക്കുന്നവരെ ഇരയാക്കപ്പെടും. അതങ്ങനെയാണ് സംഭവിക്കുക. ഗാന്ധി മഹാത്മാവായത് അദ്ദേഹത്തിന്റെ മരണശേഷമല്ലെ?

സിനിമയിലെ വിഷയം മാത്രമല്ല പുറത്തും കുട്ടികള്‍ പലതും ഓപ്പണ്‍ ആയിട്ട് പറയാന്‍ തുടങ്ങി. അപ്പോള്‍ ഇത്തരം ആളുകളൊക്കെയൊന്ന് പിന്നോട്ട് പോകാന്‍ തുടങ്ങി. ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ വിവരമറിയും എന്ന് മനസിലായി.

ആദ്യം തുറന്ന് സംസാരിക്കുന്നവരെ ഇരയാക്കപ്പെടും. അതങ്ങനെയാണ് സംഭവിക്കുക. ഗാന്ധി മഹാത്മാവായത് അദ്ദേഹത്തിന്റെ മരണശേഷമല്ലെ? ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെയല്ലല്ലോ? അദ്ദേഹത്തിനെ വെടിവെച്ച് കൊല്ലുകയാണല്ലോ ഉണ്ടായത്. ജീവിച്ചിരിക്കുമ്പോള്‍ ആരാണോ നേതൃത്വം കൊടുക്കുന്നത് അവര്‍ ഒരുപാട് കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരും,’ ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Many things have improved becouse people like Parathy Thiruvoth spoke out says Hareesh Peradi

We use cookies to give you the best possible experience. Learn more