ആദ്യ ഭാഗമായ ഭരതനാട്യം വലിയ പരാജയമായപ്പോൾ രണ്ടാം ഭാഗം വമ്പൻ വിജയമായി മാറി ശ്രദ്ധ നേടിയ ചിത്രമാണ് മോഹിനിയാട്ടം. ഡാർക്ക് ഹ്യുമർ ശൈലിയിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. വിനോദത്തിനപ്പുറം വിശ്വാസവും മതവ്യാപാരവും സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളുമെല്ലാം ചിത്രം ചർച്ച ചെയ്തിരുന്നു.
മോഹിനിയാട്ടം, Photo: IMDb
മനുഷ്യർ തന്നെ സൃഷ്ടിച്ച വിശ്വാസ സംവിധാനങ്ങൾ പിന്നീട് പണത്തിനായുള്ള ഉപാധികളായി മാറുന്നതും, ചില കർമ്മങ്ങളും വഴിപാടുകളും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കപ്പെടുന്നതുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. തലയിൽ തേങ്ങ പൊട്ടിക്കുന്നതും തീക്കനലിലൂടെ നടക്കുന്നതുമൊക്കെയുള്ള അന്ധവിശ്വാസ രീതികളും സിനിമയിൽ അവതരിപ്പിച്ചിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തിയ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ദിവ്യ എം. നായർ ഇപ്പോൾ മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഒന്നാണ് മതമെന്നാണ് താരം പറയുന്നത്.
‘എല്ലാവരുടെയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്താതെയാണ് ഞാൻ ഇത് പറയുന്നത്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നതിൽ ഒന്നാണ് മതം. മതങ്ങളെ വെച്ച് പലരും നല്ല രീതിയിൽ പണം ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികളും സ്കൂളുകളും വലിയ ബിസിനസുകളായി മാറിയിട്ടുണ്ട്. മോഹിനിയാട്ടം സിനിമയിൽ അതാണ് തുറന്നുകാട്ടിയത്,’ എന്നാണ് ദിവ്യ പറയുന്നത്.
മോഹിനിയാട്ടം, Photo: IMDb
വിശ്വാസത്തിനെതിരെ അല്ല താൻ സംസാരിക്കുന്നതെന്നും, എന്നാൽ അന്ധവിശ്വാസ രീതികളോട് എതിർപ്പുണ്ടെന്നും താരം വ്യക്തമാക്കി.
‘വിശ്വാസം നല്ല കാര്യമാണ്. പക്ഷേ തലയിൽ തേങ്ങ പൊട്ടിച്ചും തീയിൽ ചവിട്ടിയും ശൂലം കുത്തിയും മാത്രമേ ജീവിതത്തിൽ നേട്ടങ്ങൾ നേടാനാകൂ എന്ന രീതിയിലുള്ള വിശ്വാസങ്ങളോട് എനിക്ക് യോജിപ്പില്ല.
സിനിമയിൽ അവസാനം വരുന്ന ഒരു ഡയലോഗുണ്ട് ‘പാന്റ് ഇട്ട് അമ്പലത്തിൽ കയറരുത്’ എന്ന്. അമ്പലം മനുഷ്യർ ഉണ്ടാക്കിയതാണെങ്കിലും അവിടെ ചില കർശന നിയമങ്ങൾ ഇപ്പോഴും ഉണ്ടെന്നതാണ് അതിലൂടെ പറയുന്നത്,’ ദിവ്യ എം. നായർ പറഞ്ഞു.
Content Highlight: Many people make money by using God; Religion is one of the most sold things: Divya M Nair