| Sunday, 14th September 2025, 11:51 pm

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് അഭംഗിയാണെന്ന തിരിച്ചറിവ് പലർക്കുമില്ല: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ് ഉർവശി. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടി മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സജീവമാണ്.

1984ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.ഈ വർഷത്തെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശി സ്വന്തമാക്കിയിരുന്നു.

എന്നാൽ അവാർഡിനെ വിമർശിച്ച് ഉർവശി രം​ഗത്ത് എത്തിയിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും സഹനടിക്കുള്ള പുരസ്കാരത്തിനാണ് നടി അർഹയായത്. ഇതിനെതിരെയാണ് നടി പ്രതികരിച്ചത്. സിനിമയിൽ തിരക്കായിരുന്ന നടി സ്വകാര്യജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ നേരിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

‘സമയം പ്രധാനമാണെന്ന വിചാരത്തിലാണ് ജീവിക്കുന്നത്. മോൻ ജനിച്ചശേഷം അവൻ്റെ അവധി സമയങ്ങളിൽ ഞാൻ എങ്ങും പോകാറില്ല. മകൾ ചെറുതായിരുന്നപ്പോൾ ലൊക്കേഷനുകളിലേക്ക് അവളെയും കൂടെക്കൂട്ടിയിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിച്ച സമയങ്ങൾ ജീവിതത്തിൽ കുറവാണ്. എപ്പോഴും തിരക്കിലായിരുന്നു.

എന്റെ ചേച്ചിമാരുടെ കല്യാണങ്ങൾക്കുപോലും തലേന്ന് രാത്രി ഏറെ വൈകി വീട്ടിൽ ചെന്നുകയറിയ ആളാണ് ഞാൻ. അങ്ങനെയുള്ള കുറെ സന്തോഷങ്ങൾ നഷ്ടമായിട്ടുണ്ട്. സ്വകാര്യതയുടെ നഷ്ടമാണ് ഏറ്റവും വലിയ വിഷമം. ശാന്തമായി ഒരമ്പലത്തിൽ ചെന്ന് പ്രാർത്ഥിക്കാൻ പലപ്പോഴും കഴിയാറില്ല. ആരുടെയും തെറ്റല്ല. ആളുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതികൾ വ്യത്യസ്‌തമാണല്ലോ,’ ഉർവശി പറയുന്നു.

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് അഭംഗിയാണെന്നുള്ള തിരിച്ചറിവ് പലർക്കും ഇല്ലെന്നും എന്നാൽ പല മാധ്യമങ്ങളും അതാണ് ചെയ്യുന്നതെന്നും ഉർവശി പറയുന്നു. അറിയപ്പെടുന്ന നടന്മാരെപ്പറ്റി എന്തെങ്കിലും എഴുതാൻ അവർക്ക് ഭയമുണ്ടെന്നും പക്ഷേ, നടിമാരുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും പറഞ്ഞ ഉർവശി, ഒരുകാലത്ത് ഇതൊക്കെ തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഔചിത്യമില്ലാത്ത പെരുമാറ്റം ആരുടെ ഭാഗത്തുനിന്നായാലും അലോസരപ്പെടുത്തുമെന്നും ഉർവശി പറയുന്നു.

Content Highlight: Many people don’t realize that peeking into someone else’s privacy is rude says Urvashi

We use cookies to give you the best possible experience. Learn more