| Sunday, 28th September 2025, 3:21 pm

AMMAയിൽ മത്സരിക്കാമായിരുന്നെന്ന് പലരും പറഞ്ഞു; എനിക്കത് ബുദ്ധിമുട്ടാണ്: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ 40 വർഷത്തിലധികമായി സജീവമായി നിൽക്കുന്ന നടിയാണ് ഉർവശി. സിനിമയിലെ ഓരോ മാറ്റങ്ങളും കണ്ടുവളർന്ന നടിയും കൂടിയാണ് അവർ.

ഇപ്പോൾ തന്നോട് AMMAയിലേക്ക് മത്സരിക്കാമായിരുന്നില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഉർവശി. എന്നാൽ തനിക്ക് അ സ്ഥാനം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്നും ശ്വേതയ്ക്ക് സംഘടനയെ നയിക്കാൻ സാധിക്കുമെന്നും ഉർവശി പറയുന്നു.

തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് അപ്പോൾ തന്നെ വീട്ടിൽ പോകണമെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് സംവിധാനം തനിക്ക് പറ്റാത്തതെന്നും ഉർവശി കൂട്ടിച്ചേർത്തു. ആർട്ടിസ്റ്റുകൾക്ക് കൃത്യമായ പ്രതിഫലം നിശ്ചയിക്കാൻ ബുദ്ധിമുട്ടാണെന്നും നിർമാതാക്കളും കൂടി ചേർന്നാണ് അത് തീരുമാനിക്കുന്നതെന്നും നടി പറഞ്ഞു. ആർട്ടിസ്റ്റിന് മാർക്കറ്റുണ്ടെങ്കിൽ മാത്രമേ അവരെ വിളിക്കൂവെന്നും ഉർവശി കൂട്ടിച്ചേർത്തു.

സിനിമയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും ഉർവശി സംസാരിച്ചു.

‘മലയാള സിനിമയിൽ ഇത്രയും കൊല്ലം പിടിച്ചു നിന്നു. നായികയായിട്ട് തന്നെ 40 വർഷത്തിന് മുകളിലായി. സിനിമയുടെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് ആർട്ടിസ്റ്റുകളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. ഓരോ ടെക്‌നോളജിയും മാറുന്നത് അറിയുന്നുണ്ട്. ക്യാമറ മാറുന്നത് അറിയുന്നുണ്ട്.

നമുക്ക് ഓരോ നിമിഷവും കൗതുകം ഉണ്ടാക്കുന്ന സ്ഥലമായിട്ടാണ് സിനിമയെ തോന്നിയിട്ടുള്ളത്. ഒരു തെലുങ്ക് സിനിമയിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ക്യാമറ മാൻ വളരെ വിഷമത്തോടെ ‘ഇന്നുമുതൽ ഫിലിം നിർത്തുകയാണ്. ഇനി ഹാർഡ് ഡിസ്‌കേയുള്ളു’ എന്ന് അനൗൺസ് ചെയ്യുന്നത്.

പറയുമ്പോൾ പുള്ളിയുടെയും എന്റെയും കണ്ണ് നിറഞ്ഞു. കാരണം ഫിലിം ആർട്ടിസ്റ്റ് എന്ന രീതിയിൽ അല്ലേ അറിയപ്പെട്ടുകൊണ്ടിരുന്നത്. അന്ന് ആ ലൊക്കേഷനിൽ അതിന്റെ ചർച്ചയായിരുന്നു,’ ഉർവശി പറയുന്നു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു നടി.

Content Highlight: Many people asked if I couldn’t have contested in AMMA; It’s difficult for me says Urvashi

We use cookies to give you the best possible experience. Learn more