| Monday, 13th April 2026, 10:03 am

നിങ്ങളിൽ പലരും അറസ്റ്റ് ചെയ്യപ്പെടും; തൃണമൂൽ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മമത

മുഹമ്മദ് നബീല്‍

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കേന്ദ്രം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുമെന്നുള്ള മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമതാ ബാനർജി.

തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലെ ഭരണകൂടം ഇന്നലെ (ഞായർ) മുതൽ തൃണമൂൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്പറേഷൻ ആരംഭിച്ചെന്നും മമത മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അറിയാവുന്നതിനാൽ ബി.ജെ.പി താൻ ഉൾപ്പെടെയുള്ള ബംഗാളിലെ വോട്ടർമാരെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു.

‘തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഈ പ്രവർത്തനങ്ങൾ ഇന്ന് (ഞായർ) രാത്രി ആരംഭിക്കും. ഭയപ്പെടേണ്ട, ഈ തെരഞ്ഞെടുപ്പിൽ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണ്, ഒന്നും നമ്മുടെ കയ്യിലല്ല എന്നത് ഓർമ്മിക്കുക,’ മമത തൃണമൂൽ പ്രവത്തകരോട് പറഞ്ഞു.

15 – 20 ദിവസംകൂടി ജാഗ്രത പാലിക്കണമെന്നും തെരഞ്ഞെടുപ്പിൽ തങ്ങൾ തന്നെ ജയിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

തെരഞ്ഞടുപ്പിൽ തോൽക്കുമെന്ന് ബി.ജെ.പിക്ക് നന്നായറിയാം അതുകൊണ്ടാണ് അവരിങ്ങനെയെല്ലാം ചെയ്യുന്നതെന്നും ബർദ്വാനിലെ ഖണ്ഡഘോഷിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ മണ്ഡല പുനർ നിർണയ ബില്ല് ബംഗാളിനെ മൂന്നായി മുറിക്കുമെന്നും മമത തെരഞ്ഞെടുപ്പ് റാലിയിൽ ആവർത്തിച്ചു.

‘ബി.ജെ.പി പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കും, ആളുകളെ തടങ്കൽ പാളയത്തിലേക്കയക്കും. അസമിൽ തടങ്കലിലാക്കപ്പെട്ട 19 ലക്ഷംപേരിൽ 13 ലക്ഷം പേർ ഹിന്ദുമത വിശ്വാസികളും മൂന്ന് ലക്ഷംപേർ മുസ്‌ലിം വിശ്വാസികളുമാണ്, എന്നാൽ ബംഗാളിൽ തടങ്കൽ പാളയങ്ങൾ നിർമിക്കാൻ അനുവദിക്കില്ല,’ മമത കൂട്ടിച്ചേർത്തു.

എസ്.ഐ.ആറിനെ ഏറ്റവും വലിയ തട്ടിപ്പെന്ന് വിശേഷിപ്പിച്ച മമത, മോദി മൂന്നാംതവണ തെരഞ്ഞെടുക്കപ്പെട്ടത് 2024 ലെ വോട്ടർപട്ടിക പ്രകാരമാണെന്നും ഈ പട്ടികയിലാണോ നുഴഞ്ഞുകയറ്റക്കാരുള്ളതെന്നും ചോദിച്ചു.

ഈ മാസം 29 നാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: Many of you will be arrested; Mamata warns Trinamool workers

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more