| Saturday, 10th October 2026, 10:42 pm

എട്ടാം സെക്കന്‍ഡില്‍ ഏറ്റുവാങ്ങിയ ഗോള്‍; നൂയറിന്റെ മണ്ടത്തരം കലാശിച്ചത് വമ്പന്‍ നാണക്കേടില്‍

ആദർശ് എം.കെ.

ബുണ്ടസ് ലീഗയില്‍ മോശം നേട്ടവുമായി ബയേണ്‍ മ്യൂണിക് ഗോള്‍ കീപ്പറും ജര്‍മന്‍ ഇതിഹാസവുമായ മാനുവല്‍ നൂയര്‍. ഓക്‌സ്‌ബെര്‍ഗിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് സ്വന്തം പിഴവില്‍ ഗോള്‍ വഴങ്ങി മോശം നേട്ടത്തിലെത്തിയത്.

മത്സരത്തിന്റെ എട്ടാം സെക്കന്‍ഡിലാണ് നൂയര്‍ ഗോള്‍ വഴങ്ങിയത്. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. ഇതോടെ ജര്‍മന്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന താരമായി ഓക്‌സ്‌ബെര്‍ഗിന്റെ റോബിന്‍ ഫെല്‍ഹൗര്‍ ചരിത്രം കുറിച്ചപ്പോള്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ വഴങ്ങുന്ന ഗോള്‍ കീപ്പറായി നൂയര്‍ മോശം നേട്ടവും സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ വിസിലിന് പിന്നാലെ ബാക്ക് പാസായി ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍ക്ക് സംഭവിച്ച ഗുരുതരമായ പിഴവാണ് റെക്കോഡ് ഗോളില്‍ കലാശിച്ചത്. നൂയറുടെ ശ്രമം തടഞ്ഞ് പന്ത് പിടിച്ചെടുത്ത ഓഗ്‌സ്ബര്‍ഗ് താരം വെറും 8 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ അനായാസം പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിട്ട് ടീമിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

ഈ തകര്‍പ്പന്‍ ഗോളിലൂടെ, ഇതിന് മുന്‍പ് കരിം ബെല്ലാറാബി (2014/15 സീസണില്‍ ഡോര്‍ട്ട്മുണ്ടിനെതിരെ), കെവിന്‍ വോളന്‍ഡ് (2015/16 സീസണില്‍ ബയേണിനെതിരെ) എന്നിവര്‍ ഒമ്പത് സെക്കന്‍ഡുകളില്‍ നേടിയിരുന്ന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാക്കിയത്. ഇതില്‍ കെവിന്‍ വോളണ്ട് ഗോള്‍ നേടിയത് നൂയറിനെതിരെയായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

അതേസമയം, മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. തുടക്കത്തിലെ കനത്ത തിരിച്ചടിക്ക് ശേഷം മത്സരത്തിലേക്ക് ശക്തമായി തിരികെവരാന്‍ ബയേണ്‍ മ്യൂണിക്ക് കിണഞ്ഞു പരിശ്രമിച്ചെങ്കിലും മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്.

മത്സരത്തിലുടനീളം ബയേണ്‍ നിര ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഓഗ്‌സ്ബര്‍ഗ് പ്രതിരോധവും ഗോള്‍കീപ്പറും ശക്തമായ വെല്ലുവിളിയാണുയര്‍ത്തിയത്.

മത്സരത്തിനിടയില്‍ ബയേണ്‍ താരങ്ങളുടെ മുന്നേറ്റങ്ങള്‍ ശക്തമായിരുന്നെങ്കിലും പലതവണ ഓഫ്സൈഡുകളിലൂടെയും നിര്‍ഭാഗ്യങ്ങളിലൂടെയും ഗോളുകള്‍ നഷ്ടമായി. ഹാരി കെയ്ന്‍, മൈക്കല്‍ ഒലിസെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ബയേണ്‍ ആക്രമണങ്ങളെ ഔഗ്‌സ്ബര്‍ഗ് പ്രതിരോധം നന്നായി പിടിച്ചുനിര്‍ത്തി.

മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഇസ്മയില്‍ സൈബാരി, നഥാനിയേല്‍ ബ്രൗണ്‍ എന്നവര്‍ ബയേണിനായും റോഡ്രിഗോ റിബെറോ ഓക്‌സ്‌ബെര്‍ഗിനായും ഗോള്‍ കണ്ടെത്തിയതോടെ മത്സരം കടുത്ത പോരാട്ടമായി മാറുകയും ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു.

ഈ മത്സരത്തിന് പിന്നാലെ ബൊറൂസിയ ഡോര്‍ട്മുണ്ടിന് പിന്നില്‍ രണ്ടാമതാണ് ബയേണ്‍. അഞ്ച് മത്സരത്തില് നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയുമായി 11 പോയിന്റാണ് ടീമിനുള്ളത്. എട്ട് പോയിന്റുള്ള ഓക്‌സബെര്‍ഗ് ആറാമതാണ്.

ഒക്ടോബര്‍ 17നാണ് ബുണ്ടസ് ലീഗയില്‍ ബയേണിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ആര്‍.ബി ലീപ്‌സീഗാണ് എതിരാളികള്‍.

Content Highlight: Manuel Neuer concedes the fastest goal in the Bundesliga history

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more