| Monday, 2nd May 2022, 4:06 pm

മനു അങ്കിളിലെ ലോതര്‍ തിരിച്ചു വരുന്നു; ഇനി സൗദി വെള്ളക്കയിലെ മജിസ്‌ട്രേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷക മനസില്‍ ഇന്നും പ്രിയമേറിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ മനു അങ്കിള്‍, മമ്മൂട്ടിക്കൊപ്പം സോമന്‍, ലിസി, കെ.പി.എ.സി ലളിത, ത്യാഗരാജന്‍ എന്നിങ്ങനെ വലിയ താരനിര അഭിനയിച്ച ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തിയിരുന്നു.

ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കേന്ദ്രകഥാപാത്രങ്ങളായെത്തിയ നാല് കുട്ടികളായിരുന്നു. ഇവരുടെ കുസൃതികളും സാഹസികതകളും അന്നേ പ്രേക്ഷകര്‍കര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.

നാല്‍വര്‍ സംഘത്തിന്റെ ലീഡറായിരുന്നു ലോതര്‍. കുര്യന്‍ ചാക്കോ എന്ന കുട്ടിയായിരുന്നു അന്ന് ലോതറിനെ അവതരിപ്പിച്ചത്. 2022 ല്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് കുര്യന്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെയാണ് കുര്യന്‍ തിരിച്ചുവരവിനൊരുങ്ങുന്നത്.

ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആളെ തിരഞ്ഞ് നടക്കുമ്പോഴാണ് അവിചാരിതമായി ഒരു യൂട്യൂബ് ചാനലിലെ വീഡിയോയില്‍ കുര്യനെ തരുണ്‍ കണ്ടതെന്നും സൗദി വെള്ളക്കയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അന്വേഷിച്ച് ചെന്നപ്പോഴാണ് മനു അങ്കിളില്‍ അഭിനയിച്ച ലൊതറാണെന്ന് മനസിലായതെന്നും കുറിപ്പില്‍ പറയുന്നു.

സൗദി വെള്ളക്കയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

‘സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്‌ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളില്‍ ഒന്നിലും തരുണും ടീമും തൃപ്തരായില്ല.

ആവനാഴികളിലെ അസ്ത്രങ്ങള്‍ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുണ്‍ ഒന്നിലും തൃപ്തനായിരുന്നില്ല. ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുണ്‍ കാണാന്‍ ഇടയായത്. ആ വീഡിയോയില്‍ കണ്ട ആളുടെ മാനറിസങ്ങളും, ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു.

അപ്പോഴാണ് ആ വീഡിയോയില്‍ കണ്ട ആള്‍ ‘മനു അങ്കിള്‍ ‘ എന്ന സിനിമയില്‍ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്, മനു അങ്കിള്‍ റിലീസായി വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാന്‍ സംവിധായകന്‍ തയ്യാറല്ലായിരുന്നു.

ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ തരുണ്‍, നിര്‍മ്മാതാവ് സന്ദിപ് സേനന്‍ മജിസ്ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണില്‍ മെസ്സേജ് അയച്ചു. ആദ്യ കാഴ്ചയില്‍ തന്നെ ആവേശഭരിതനായ നിര്‍മ്മാതാവിനും കുര്യന്‍ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാന്‍ തിടുക്കമായി.

പക്ഷേ കുര്യന്‍ ചാക്കോയുടെ കോണ്‍ടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവില്‍ ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യന്‍ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു.

കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യന്‍ ചാക്കോയുടെ മറുപടി. ‘അയ്യോാ.. ഞാന്‍ ഇല്ല…
അതൊക്കെ അന്ന് ഡെന്നിസ് സര്‍ പറഞ്ഞത് പോലെ ചെയ്തത് ആണ്… അതില്‍ നിന്നൊക്കെ സിനിമ ഒരുപാട് മാറി…നിങ്ങള്‍ വേറെ അളിനെ നോക്കു എന്നാണ്..’

തരുണ്‍ പിടിച്ച പിടിയാലേ സിനിമയുടെ കഥ പറഞ്ഞു…കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു…തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ സൗദി വെള്ളക്കയിലെ രസികനായ മജിസ്‌ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോള്‍ കുര്യന്‍ ചാക്കോ പറഞ്ഞു നിര്‍ത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.

പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറില്‍ കുര്യന്‍ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്‌നേഹം വീണ്ടുമെത്തുമ്പോള്‍ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയില്‍ ഇനിയും കുര്യന്‍ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികള്‍ ഏറ്റു വാങ്ങുന്നതിനായി…

Content Highlight: Manu Uncle Lothar returns; Now the magistrate of Saudi vellakka 

Latest Stories

We use cookies to give you the best possible experience. Learn more