| Wednesday, 4th November 2026, 10:44 am

ആസിഫിനോട് പലരും പറഞ്ഞു ആ കഥാപാത്രം ചെയ്യരുതെന്ന്; ആസിഡ് ഒഴിക്കുക എന്ന് പറയുന്നത് നമുക്ക് അത്ര പരിചിതമായിട്ടുള്ള കാര്യമല്ലല്ലോ: മനു അശോകൻ

അനുപമ കെ. സീത

സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രശംസ ഏറ്റു വാങ്ങിയ സംവിധായകനാണ് മനു അശോകൻ. ഉയരെ, കാണെക്കാണെ എന്ന സിനിമകൾക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഇപ്പോൾ സോണി ലിവിൽ സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കുന്ന EYES എന്ന വെബ്‌സീരീസിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഉയരെ ആസിഡ് ആക്രമണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സംസാരിച്ച ചിത്രമാണ്. പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ്, എന്നിവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരയായും പിന്നീട് അതിജീവിതയായും പല്ലവി എന്ന കഥാപാത്രമായി പാർവതി വേഷമിട്ടപ്പോൾ ടോക്സിക് സ്വഭാവമുള്ള ഗോവിന്ദ് എന്ന കാമുകനായാണ് ആസിഫ് വേഷമിട്ടത്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ പ്രത്യേകിച്ച് ഗോവിന്ദിനെ പോലെയുള്ളവ ആസിഫ് അലി മുമ്പ് ചെയ്യാത്തതിനാൽ ഉയരെയിലെ വേഷം താരം ചെയ്യുമെന്ന് വിചാരിച്ചില്ലെന്ന് പറയുകയാണ് മനു അശോകൻ. ദി ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കു വെച്ചത്.

ഉയരെയിലെ രംഗം.Photo.Screen Grab/ Youtube.com

‘ഒരിക്കലും ആസിഫ് അത് ചെയ്യില്ല എന്നുള്ള ഉറപ്പിലാണ് നമ്മൾ പോകുന്നത്. ഗോവിന്ദ് എന്ന് പറഞ്ഞ കഥാപാത്രത്തെ നിരന്തരമായി വില്ലൻ ചെയ്യുന്ന ഒരാളാണ് അഭിനയിച്ചിരുന്നതെങ്കിൽ ഒരിക്കലും ആ ക്യാരക്ടറിന് ഇമ്പാക്ട് ഉണ്ടാവില്ല എന്നത് വളരെ എക്സ്പെക്റ്റഡാണ്‌. പക്ഷേ ബോയ് നെക്സ്റ്റ് ഡോർ എന്ന് പറയുന്ന ഇമേജിൽ ഉള്ളൊരാൾ, അതിനു മുമ്പ് സൺഡേ ഹോളിഡേ പോലെയുള്ള ഭയങ്കര ഹിറ്റുകൾ ചെയ്തിട്ടുള്ള ഒരു നായകൻ ഇതുപോലെ ഒരു കഥാപാത്രം ചെയ്യുമോ എന്നുള്ള ചോദ്യം ഞങ്ങൾ പരസ്പരം തന്നെ ഒരു നൂറ് പ്രാവശ്യം ചോദിച്ച ചോദ്യമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാണ് ആസിഫിനെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂക്ക, മോഹൻലാൽ, ടൊവിനോ തുടങ്ങിയവരൊക്കെ ആരും വിചാരിക്കാത്ത കഥാപാത്രങ്ങളും വ്യത്യസ്ത വേഷങ്ങളും ചെയ്യുന്നവരായതുകൊണ്ട് അവരെല്ലാവരും അവരുടെ സ്‌പേസിൽ നിന്നുകൊണ്ട് തന്നെ എന്തെല്ലാം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുന്നവരാണെന്നും എന്നാൽ ആസിഫിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഈ വേഷം ചെയ്യുമോ എന്ന് ടീമിന് സംശയമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയരെയിലെ രംഗം.Photo.Screen Grab/ Youtube.com

‘ഇത്രയും നെഗറ്റീവ് ആണ്, ഗ്രേഡ് എക്സ്ട്രീം ആണ്, പക്ഷേ ആസിഫ് ഒരു പെർഫോമർ എന്ന രീതിയിലാണ് അത് തിരിച്ചറിഞ്ഞത്, സ്റ്റാർ ആയിട്ടല്ല. ബോബിച്ചേട്ടൻ ആ സീൻ പറയുമ്പോൾ അത് നറേറ്റ് ചെയ്യുമ്പോൾ ആസിഫ് ഭയങ്കര ഷോക്കായി പോയി. ആസിഡ് ഒഴിക്കുന്നത് എക്സ്പെക്റ്റ് ചെയ്യുന്നില്ലല്ലോ. മാക്സിമം അടിക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യും. ആസിഡ് ഒഴിക്കുക എന്ന് പറയുന്നത് നമുക്ക് അത്ര പരിചിതമായിട്ടുള്ള ഒരു കാര്യമല്ല.

ആസിഫ് ഭയങ്കര ഷോക്കായി കൺഫ്യൂസ്ഡും ആയിരുന്നു. ആസിഫിനെക്കാൾ കൺഫ്യൂസ്ടായത്‌ ആസിഫുമായി ബന്ധമുള്ള മറ്റു പലരും ആയിരുന്നിരിക്കാം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞിട്ടുണ്ട് ആസിഫിനോട് അത് ചെയ്യരുത്, നെഗറ്റീവ് ആണ്, പ്രശ്നമാകും പിന്നെ അങ്ങോട്ട് ഫുൾ ഗ്രേ ആകുമെന്നൊക്കെ. പക്ഷേ അയാളുടെ ആക്ടറിനാണ് അവിടെ പുള്ളി മുൻതൂക്കം കൊടുത്തത്. അല്ലെങ്കിൽ ഒരിക്കലും ആസിഫിനെ പോലെ ആ സമയത്ത് നിൽക്കുന്ന ഒരു ആക്ടർ യെസ് പറയില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Manu Ashokan stated that many had advised Asif against playing that character, noting that acid attacks were unfamiliar to them.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more