കൊച്ചി: മനോരമ ‘ഹോര്‍ത്തൂസി’ന്റെ സംഘാടകരും സംഘപരിവാറും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സാമൂഹിക നിരീക്ഷകന്‍ അ. നിജാസ്. വലത് നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘അംബേദ്കറെ എങ്ങനെ വായിക്കണം’ എന്ന സെഷന്‍ ടാര്‍ഗറ്റ് ചെയ്ത് നടത്തിയതാണെന്നും അ. നിജാസ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിജാസിന്റെ പ്രതികരണം. ‘അംബേദ്കറെ എങ്ങനെ വായിക്കണം’ എന്ന സെഷനില്‍ വിഷയവുമായി യാതൊരു ബന്ധവും ജ്ഞാനവുമില്ലാത്ത ശ്രീജിത്ത് പണിക്കര്‍ എന്ന ആര്‍.എസ്.എസ് രഹസ്യാത്മക പ്രവര്‍ത്തകന്‍ പാനലിസ്റ്റായി വന്നതോടെ പരിപാടി കളങ്കപ്പെട്ടുവെന്നും നിജാസ് പറയുന്നു.
സെക്ഷനിലെ മറ്റു പാനലിസ്റ്റുകള്‍ ആയിരുന്ന സണ്ണി എം കപിക്കാടും ഡോ. ടി.എസ്. ശ്യാം കുമാറും കാലങ്ങളായി സവര്‍ണ ഹിന്ദുത്വത്തിന്റെ ടാര്‍ഗറ്റാണെന്നും നിജാസ് പറഞ്ഞു.
ബ്രാഹ്‌മണ്യത്തിന് മറികടക്കാനാവാത്തത്ര ജ്ഞാനമേഖലയില്‍ അംബേദ്കര്‍ ആശയങ്ങള്‍ക്ക് കിട്ടുന്ന മേല്‍ക്കൈയും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതിനെ പിന്‍വാതില്‍ ഉടമ്പടികളിലൂടെ പ്രോഗ്രാം ചെയ്തും ടൈം സെറ്റ് ചെയ്തും ചെപ്പടിവിദ്യ കൊണ്ട് വിഷയത്തെ അട്ടിമറിച്ചു മറികടക്കാന്‍ നോക്കിയതിന്റെ മാനേജ്‌മെന്റ് തിണ്ണമിടുക്കാണ് ഹോര്‍ത്തൂസില്‍ കണ്ടതെന്നും നിജാസ് പറയുന്നു.
ആര്‍.എസ്.എസിനെയും ബ്രഹ്‌മണ്യത്തെയും സംബന്ധിച്ച് ജ്ഞാനപരമായ പല പ്രകോപനങ്ങളും സണ്ണിയില്‍ നിന്നും ശ്യാം കുമാറില്‍ നിന്നും അവര്‍ നേരിട്ടിട്ടുണ്ട്.
സംസ്‌കൃത ഗവേഷണ വിദ്യാര്‍ത്ഥിയോടുള്ള അധ്യാപികയുടെ നീചവും നീതികെട്ടതുമായ പ്രവൃത്തിയില്‍, ശ്യാം കുമാര്‍ അവരെ നേരിട്ടൊരു സംവാദത്തിന് വെല്ലുവിളിച്ച സന്ദര്‍ഭം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും നിജാസ് ചൂണ്ടിക്കാട്ടി.
അംബേദ്കറെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിച്ച് ഈ വൈജ്ഞാനിക സമസ്യയെ കുറുക്കുവഴിയില്‍ മറികടക്കാനാണ് സംഘപരിവാറും പരിപാടിയുടെ സംഘാടകരും ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡറേറ്ററായ ഡോ. മായ പ്രമോദിനെ സംവാദം കണ്‍ക്ലൂഡ് ചെയ്യാന്‍ അനുവദിക്കാതെയുള്ള ശ്രീജിത്തിന്റെ ബഹളം വെയ്പ്പും അദ്ദേഹത്തിന്റെ വാദങ്ങളെ അവസാന വാക്കുകളാക്കി പരിപാടി അവസാനിപ്പിക്കാന്‍ സംഘാടകര്‍ നടത്തിയ ഇടപെടലും ഈ ഗൂഢാലോചന ബോധ്യപ്പെടുത്തുന്നുണ്ടെന്നും നിജാസ് പറഞ്ഞു.
Content Highlight: Manorama Hortus; There was a conspiracy between the organizers and the Sangh Parivar: Nijas