ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ മനോജ് തിവാരി. ടീമിന്റെ വെടിക്കെട്ട് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിക്കും യശസ്വി ജെയ്സ്വാളിനും എല്ലാ മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം നടക്കാന്‍ സാധിക്കില്ലെന്നും താരങ്ങള്‍ പരാജയപ്പെട്ടാല്‍ മധ്യനിര ബാറ്റര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ചതുപോലെ രാജസ്ഥാന്‍ കളിച്ചാല്‍ പ്ലേ ഓഫില്‍ എത്താന്‍ രാജസ്ഥാന് സാധിക്കില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
‘വൈഭവ് സൂര്യവംശിക്കും യശസ്വി ജെയ്സ്വാളിനും എല്ലാ മത്സരങ്ങളിലും ആക്രമിച്ച് കളിക്കാന്‍ സാധിക്കില്ല. അതിനാല്‍, നിങ്ങള്‍ ഈ കാര്യം പരിഗണിക്കണം. അവര്‍ പരാജയപ്പെട്ടാല്‍, മധ്യനിര ബാറ്റര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ചതുപോലെ അവര്‍ കളിച്ചാല്‍, അവര്‍ക്ക് പ്ലേഓഫില്‍ എത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല,’ മനോജ് തിവാരി ക്രിക്ക്ബസില്‍ പറഞ്ഞു.
യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും. Photo: Cricketopia/x.com
ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സം.
ലഖ്‌നൗവിനെതിരെ വിജയം സ്വന്തമാക്കി 10 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനാണ് റിയാന്‍ പരാഗിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്. ടീമിന് സൂപ്പര്‍ ഓപ്പണിങ് ഉണ്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ പരാജയമായിരുന്നു ടീം ഏറ്റുവാങ്ങിയത്.
ജെയ്‌സ്വാള്‍ ഒരു റണ്‍സിനും വൈഭവ് പൂജ്യം റണ്‍സിനുമായിരുന്നു ഹൈദരാബാദിനെതിരെ കൂടാരം കയറിയത്. ശേഷം കൊല്‍ക്കത്തയ്‌ക്കെതിരെ ഓപ്പണിങ് മികവ് പുലര്‍ത്തിയെങ്കിലും മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ വൈഭവ് ആറ് മത്സരത്തില്‍ നിന്ന് 246 റണ്‍സാണ് നേടിയത്. ജെയ്‌സ്വാള്‍ ആറ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സും നേടി.
അതേസമയം ഐ.പി.എല്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തുള്ള ലഖ്‌നൗവിന് വിജയം അനിവാര്യമാണ്. നിലിവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റ് ടീമിനുള്ളത്.
Content Highlight: Manoj Tiway Warns Rajasthan Royals Ahead Match Against LSG