രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ജയവും തോല്‍വിയും കളിയുടെ ഭാഗമാണെന്നും എന്നാല്‍ ലഖ്‌നൗ കളിച്ച രീതി നിരാശാജനകമാണെന്നും തിവാരി പറഞ്ഞു. റിഷബ് പന്തിന്റെ ഷോര്‍ട്ട് സെലക്ഷന്‍ മോശമാണെന്നും പരിശീലകര്‍ക്ക് ക്യാപ്റ്റന്റെ മുകളില്‍ ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ടീമിലുള്ള കളിക്കാരെ നോക്കൂ, അവര്‍ക്ക് ഏത് ദിവസവും ഈ ടോട്ടല്‍ പിന്തുടരാന്‍ കഴിയും. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്, പക്ഷേ അവര്‍ (ലഖ്‌നൗ) കളിച്ച രീതി നിരാശാജനകമായിരുന്നു. ഉദാഹരണത്തിന് ഇന്നത്തെ റിഷബ് പന്തിന്റെ ഷോട്ട് സെലക്ഷന്‍ എടുക്കുക. ഞാന്‍ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്, റിഷബ് പന്ത് ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍, ഒരു പരിശീലകന്‍ അദ്ദേഹത്തോട് ഓര്‍ത്തഡോക്സ് ഷോട്ടുകള്‍ മാത്രം കളിക്കാന്‍ പറയണം.
അവന്‍ തുടക്കത്തില്‍ തന്നെ ലാപ് ഷോട്ട് കളിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍, അപ്പോള്‍ അവന്‍ എങ്ങനെ ഫോമിലേക്ക് മടങ്ങും? ആരാണ് ഇത്തരത്തിലുള്ള കളിയെ പ്രോത്സാഹിപ്പിക്കുന്നത്? ആരും ഇത് തിരുത്താന്‍ പോലും തയ്യാറാകുന്നില്ല. അതിനാല്‍, പുറത്തു നിന്ന് നോക്കുമ്പോള്‍, ജസ്റ്റിന്‍ ലാംഗര്‍, ടോം മൂഡി, കെയ്ന്‍ വില്യംസണ്‍, ലാന്‍സ് ക്ലൂസ്‌നര്‍ എന്നിവര്‍ക്കെല്ലാം ക്യാപ്റ്റന്റെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് എനിക്ക് മനസിലാകുന്നു. അതിനാല്‍, അവന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതെന്തും കളിക്കുന്നു,’ മനോജ് തിവാരി ക്രിക്ക്ബസില്‍ പറഞ്ഞു.
റിഷബ് പന്ത്. Photo: IndianPremierLeague/x.com
നിലവില്‍ ഐ.പി.എല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് പന്ത് കാഴ്ചവെക്കുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സീസണില്‍ പന്ത് നേടിയത്. മാത്രമല്ല സീസണില്‍ ഏഴ് മത്സരത്തില്‍ രണ്ട് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ലഖ്നൗ.
കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ലഖ്നൗ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തിരുന്നു. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിനെ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു പിങ്ക് ആര്‍മി.
ലഖ്‌നൗവിന് വേണ്ടി 41 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 25 പന്തില്‍ 22 റണ്‍സും നേടി. ഇംപാക്ട് പ്ലെയര്‍ ഹിമ്മത് സിങ് 15 റണ്‍സും നേടി. ക്യാപ്റ്റന്‍ പന്ത് മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിനാണ് കൂടാരം കയറിയത്. മറ്റാര്‍ക്കും രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.