| Tuesday, 19th May 2026, 1:55 pm

സഞ്ജു അടുത്ത സീസണില്‍ ചെന്നൈയുടെ ക്യാപ്റ്റനായേക്കും: മനോജ് തിവാരി

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദെരാബാദിനോടും തോല്‍വി വഴങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ടീമിന് ഇനി മുന്നേറാന്‍ ബാക്കിയുള്ള മത്സരത്തില്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കുകയും ചെയ്യണം.

തോല്‍വിയോടെ സി.എസ്.കെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒപ്പം താരത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണമെന്ന ചര്‍ച്ചകളും സജീവമാണ്. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

മനോജ് തിവാരി. Photo: KKR Karavan/x.com

ഗെയ്ക്വാദ് ക്യാപ്റ്റനായി തുടരുമോയെന്നത് വലിയ ചോദ്യമാണെന്നും ക്യാപ്റ്റന്‍സി മാറ്റം ടീമിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ചെന്നൈ സഞ്ജുവിനെ ക്യാപ്റ്റനാക്കിയേക്കാമെന്നും സീസണ്‍ എങ്ങനെ അവസാനിച്ചാലും സഞ്ജു ക്യാപ്റ്റാനാവാന്‍ ഏറ്റവും മികച്ച ഓപ്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.

‘അടുത്ത സീസണില്‍ ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി തുടരുമോ എന്നത് വലിയ ചോദ്യമാണ്. സഞ്ജു സാംസണിനെയും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാല്‍ ഗെയ്ക്വാദിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാം. അത്തരമൊരു തീരുമാനം ടീമിന് ഗുണകരമായിരിക്കും.

ഒരുപക്ഷേ, സി.എസ്.കെ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കാം. ഗെയ്ക്വാദ് കുറച്ച് വര്‍ഷങ്ങളായി ടീമിനെ നയിക്കുന്നുണ്ട്. അതിനാലാവാം ഒരു അധിക സീസണില്‍ കൂടി അവന് അവസരം നല്‍കിയത്.

അടുത്ത വര്‍ഷം സഞ്ജു സി.എസ്.കെയുടെ ക്യാപ്റ്റനാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ സീസണില്‍ ഇനി ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്താനും കിരീടം നേടാനും പ്രയാസമാണ്. ഫലം എന്ത് തന്നെയായാലും സീസണിനൊടുവില്‍ ചെന്നൈ ക്യാപ്റ്റന്‍സിയില്‍ തീരുമാനമെടുക്കണം. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയിരുന്നതിനാലും മികച്ച ബാറ്റര്‍ എന്ന നീലയില്‍ സഞ്ജു തന്നെയാണ് മികച്ച ഓപ്ഷന്‍,’ തിവാരി പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും. Photo: Johns/x.com

കഴിഞ്ഞ ദിവസം നടന്ന സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈ അഞ്ച് വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഹൈദരബാദ് മറികടക്കുകയായിരുന്നു.

ഇനി സീസണില്‍ ചെന്നൈയ്ക്ക് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. മെയ് 21ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ടീമിന് വിജയം അനിവാര്യമാണ്.

Content Highlight: Manoj Tiwary says that Sanju Samson may replace Ruturaj Gaikwad as CSK  captain in next season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more