ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായാണ് എം.എസ് ധോണിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കാറുള്ളത്. താരം ക്യാപ്റ്റനായിരുന്ന കാലത്ത് താരങ്ങളെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നെന്നും പൊതുവെ പറയാറുണ്ട്. എന്നാല്‍, ധോണി അങ്ങനെ തന്റെ താരങ്ങളെ പിന്തുണക്കുന്ന ക്യാപ്റ്റനായിരുന്നില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.
തനിക്ക് ഇഷ്ടപ്പെട്ടവരെ മാത്രമാണ് ധോണി പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍സിയില്‍ എല്ലാവരെയും പിന്തുണക്കാത്തതിന് ഉദാഹരണം താന്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക് ട്രാക്കറില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.
‘ധോണി താരങ്ങളെ പിന്തുണക്കുന്ന ക്യാപ്റ്റന്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ കാലത്ത് ഞാനും മറ്റു ചില കളിക്കാരും ടീമിലുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഞങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.
ധോണി തന്റെ കളിക്കാരെ ശരിക്കും പിന്തുണച്ചിരുന്നുവെങ്കില്‍, അദ്ദേഹം എന്നെ പിന്തുണയ്ക്കുമായിരുന്നു. കാരണം ആ മത്സരത്തിലും ആ കാലത്ത് നടന്ന കുറച്ച് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരുന്നു,’ തിവാരി പറഞ്ഞു.
2008 മുതല്‍ 2015 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച താരമായിരുന്നു മനോജ് തിവാരി. ഏകദിനത്തില്‍ ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ താരം 2011ല്‍ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെ, രണ്ട് മത്സരങ്ങളില്‍ 21, 65 റണ്‍സ് അടിച്ചെങ്കിലും താരം ടീമില്‍ നിന്ന് പുറത്തായി. പിന്നീട് 2014ല്‍ ഒരു മത്സരം കളിച്ച താരം 2015ല്‍ മൂന്ന് മത്സരങ്ങളിലും കളിച്ചു. പിന്നീട് താരത്തിന് ഒരു അവസരവും ലഭിച്ചില്ല.
‘ആ കാലത്ത് ധോണിയ്ക്ക് ഇഷ്ടപ്പെട്ട കുറച്ച് താരങ്ങളുണ്ടായിരുന്നു. അവരെ അദ്ദേഹം പൂര്‍ണമായി പിന്തുണച്ചു. അതിനെ കുറിച്ച് ഒരുപാട് പേര്‍ക്കറിയാം. പക്ഷേ, ആരും അതിനെ കുറിച്ച് സംസാരിക്കുന്നില്ല.
ക്രിക്കറ്റില്‍ എല്ലായിടത്തും ഇത്തരം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. അതിനാല്‍ എന്നെ ഞാന്‍ ഇഷ്ടപ്പെടാത്ത ഒരാളായി കാണുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നില്ലേക്കാം,’ തിവാരി കൂട്ടിച്ചേര്‍ത്തു.
Content Highlight: Manoj Tiwary says that MS Dhoni only support players he likes