| Wednesday, 27th August 2025, 1:10 pm

ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തിന് കാരണമായത് ഇന്ത്യയുടെ ഈ തെറ്റ്: മനോജ് തിവാരി

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ സമാപിച്ച ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ബുംറ എല്ലാ മത്സരങ്ങളിലും കളിക്കില്ലെന്ന് നേരത്തെ പറഞ്ഞത് വലിയ തെറ്റാണെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. അത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂടുന്നതിന് സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക് ട്രാക്കറില്‍ സംസാരിക്കുകയായിരുന്നു തിവാരി.

‘ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന് നേരത്തെ അറിഞ്ഞത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടി. ഇത് വലിയ തെറ്റായിരുന്നു. അത് ഒഴിവാക്കേണ്ടിയിരുന്നു,’ തിവാരി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലുമായിരുന്നു താരം കളത്തിലിറങ്ങിയത്. താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നു ഇങ്ങനെയൊരു തീരുമാനം. പരമ്പരയ്ക്ക് മുമ്പ് തന്നെ ഇക്കാര്യം ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ടില്‍ നമ്മള്‍ ഒരു തന്ത്രം നഷ്ടപ്പെടുത്തിയെന്നും ഒരു താരം പൂര്‍ണമായി ഫിറ്റ് അല്ലെങ്കില്‍ ടീമിലേക്ക് തെരഞ്ഞെടുക്കരുതെന്നും തിവാരി പറഞ്ഞു. ഒരു താരവും ടീമിനെക്കാള്‍ വലുതല്ല. ഇന്ത്യയ്ക്ക് ബെഞ്ച് സ്‌ട്രെങ്ത്ത് ഇല്ലെങ്കില്‍ ബുംറ മാത്രമായിരുന്നു ഓപ്ഷന്‍. എന്നാല്‍, കാലങ്ങളായി മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ നമുക്കുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

‘ഒരു താരവും മത്സരത്തിനേക്കാള്‍ പ്രധാനമല്ല. അത് എല്ലാവരോടും പറയണം. ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ ക്രിക്കറ്റിനേക്കാള്‍ വലുതല്ലെന്ന് അവര്‍ അറിയണം. നമുക്ക് ബെഞ്ച് സ്‌ട്രെങ്ത്ത് ഇല്ലെങ്കില്‍ ബുംറയെ തെരഞ്ഞെടുക്കാം. പക്ഷേ, കാലങ്ങളായി മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ നമുക്കുണ്ട്. സീനിയര്‍ താരം ഫിറ്റ് അല്ലെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണം,’ തിവാരി പറഞ്ഞു.

അതേസമയം, പരമ്പര സമനിലയില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും രണ്ട് വീതം ടെസ്റ്റില്‍ വിജയിച്ചതോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതോടെയായിരുന്നു ഇംഗ്ലണ്ടും ഇന്ത്യയും ഒപ്പത്തിനൊപ്പമെത്തിയത്.

Content Highlight: Manoj Tiwary says informing Jasprit Bumrah not playing all test was given confidence to England Team

We use cookies to give you the best possible experience. Learn more