| Wednesday, 17th September 2025, 4:39 pm

സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടമാവാന്‍ കാരണം ഗംഭീര്‍: മനോജ് തിവാരി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് തന്നെ അനുസരിക്കുന്ന ഒരു ക്യാപ്റ്റനെയാണ് വേണ്ടതെന്നും അതാണ് ഏഷ്യാ കപ്പില്‍ സഞ്ജുവിന് ഓപ്പണിങ്ങില്‍ സ്ഥാനം നഷ്ടമാവാന്‍ കാരണമെന്നും മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മുമ്പ് ഇന്ത്യന്‍ ടീമില്‍ അഭിഷേക് – സഞ്ജു സാംസണ്‍ സഖ്യം ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സൈഡ് സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു തിവാരി.

‘ശുഭ്മന്‍ ഗില്‍ സഞ്ജുവിനോളം മികച്ച ഒരു താരമാണ്. അവന്‍ ഐ.പി.എല്‍ താരമായും ക്യാപ്റ്റനായും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ, അവന്‍ മുമ്പ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ല.

സിംബാബ്വെയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയും അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു. അവര്‍ ബാറ്റ് ചെയ്ത പോലെ മുമ്പ് ടി – 20യില്‍ ഇന്ത്യയ്ക്കായി ആരും ചെയ്തിട്ടില്ല.

അവരിരുവരും സെഞ്ച്വറികള്‍ നേടി മികച്ച ബാറ്റിങ് പുറത്തെടുക്കുമ്പോള്‍ എന്തിനാണ് അവരെ മാറ്റി ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവരുന്നത്? അതിന് ഒറ്റ കാരണമേയുള്ളൂ, ഗംഭീറിന് തന്നെ അനുസരിക്കുന്ന ഒരു ക്യാപ്റ്റനെയാണ് ആവശ്യമെന്നതാണ് അത്,’ തിവാരി പറഞ്ഞു.

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടി – 20യില്‍ നിന്ന് വിരമിച്ചതിന് ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ്ങില്‍ ഇറങ്ങിയിരുന്നത് അഭിഷേക് ശര്‍മ – സഞ്ജു സാംസണ്‍ സഖ്യമായിരുന്നു. ഏഷ്യാ കപ്പിലും ഈ ജോഡി തന്നെയാവുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ശുഭ്മന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

താരത്തിന് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി കൂടി ലഭിച്ചതിനാല്‍ സഞ്ജുവിന് തന്റെ ഓപ്പണിങ് സ്ഥാനം നഷ്ടമായി. ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ച രണ്ട് മത്സരങ്ങളിലും ഗില്ലായിരുന്നു ഓപ്പണിങ്ങില്‍ എത്തിയത്. അതോടെ സഞ്ജു അഞ്ചാം നമ്പറിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. യു.എ.ഇക്കെതിരെയും പാകിസ്ഥാനെതിരെയും വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചെങ്കിലും മലയാളി താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.

അതേസമയം, ഇന്ത്യ നിലവില്‍ ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നിട്ടുണ്ട്. ടൂര്‍ണമെന്റില്‍ അടുത്ത ഘട്ടത്തിലേക്ക് കടന്ന ഏക ടീമും സൂര്യകുമാര്‍ യാദവും സംഘവും തന്നെയാണ്. ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബര്‍ 19ന് നടക്കുന്ന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍.

Content Highlight: Manoj Tiwary says that Gautham Gambhir wanted a captain who listens him and it is the reason behind losing Sanju Samson’s spot in opening

We use cookies to give you the best possible experience. Learn more