ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. 21 പന്തില്‍ 15 റണ്‍സ് നേടിയാല്‍ ക്യാപ്റ്റന്‍സി എങ്ങനെ വര്‍ക്കാകുമെന്ന് തിവാരി ചോദ്യമുയര്‍ത്തി. നന്നായി ബൗള്‍ എറിഞ്ഞ അകീല്‍ ഹൊസൈനിന് ഗെയ്ക്വാദ് മുഴുവന്‍ ഓവറും നല്‍കിയില്ലെന്നും അദ്ദേഹത്തിന്റ ക്യാപ്റ്റന്‍സി പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം 21 പന്തില്‍ 15 റണ്‍സ് നേടിയാല്‍, ക്യാപ്റ്റന്‍സി എങ്ങനെ വര്‍ക്കാകും? നമ്മള്‍ അത് കണ്ടു. അകീല്‍ ഹൊസൈന്‍ തന്റെ മൂന്ന് ഓവറുകള്‍ നന്നായി പന്തെറിഞ്ഞു, ഒരു പ്രധാന വിക്കറ്റും നേടി. പന്ത് കറങ്ങുന്ന അല്‍പ്പം റണ്ണൊഴുക്ക് തടയുന്ന ഒരു വിക്കറ്റില്‍ അകീലിന് തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്ന് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി വളരെ ദുര്‍ബലമായിരുന്നു.
180 റണ്‍സോളം മാത്രമേ ഉള്ളൂ എന്ന് ചിന്തിച്ച് അതിനനുസരിച്ച് ക്യാപ്റ്റന്‍സി ചെയ്യണമായിരുന്നു. പ്രത്യേകിച്ച് നൂര്‍, അകീല്‍ പോലുള്ള ബൗളര്‍മാര്‍ ഉള്ളപ്പോള്‍. പാറ്റ് കമ്മിന്‍സ് തന്റെ ബൗളര്‍മാരെ എങ്ങനെ റൊട്ടേറ്റ് ചെയ്തുവെന്ന് നമ്മള്‍ കണ്ടതാണ്. ഋതുരാജ് ഗെയ്ക്വാദില്‍ നിന്ന് അത് കാണാന്‍ കഴിഞ്ഞില്ല,’ തിവാരി ക്രിക്ക്ബസില്‍ പറഞ്ഞു .
ഋതുരാജ് ഗെയ്ക്വാദ്- Photo: Cricket Central/xമത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ഗെയ്ക്വാദ് നടത്തിയ പ്രകടനം ഒട്ടും അനുയോജ്യമായിരുന്നില്ല. 21 പന്തില്‍ ബൗണ്ടറികളില്ലാതെ 15 റണ്‍സ് മാത്രമാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദിന്റെ മോശം പ്രകടനം ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാനമായിരുന്നു.
സീസണില്‍ ഋതുരാജ് ഗെയ്ക്വാദ് 13 മത്സരത്തില്‍ നിന്ന് 321 റണ്‍സാണ് ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയത്. 15(21), 13(9), 42(18), 6(13), 67*(48), 74*(60), 22(14), 19(13), 7(6), 15(18), 7(3), 28(22) & 6(11) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍സ്.
അതേസമയം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. പിന്നാലെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും മങ്ങി.
ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയം നേടുകയായിരുന്നു. ഇഷാന്‍ കിഷന്റെ 70 റണ്‍സിന്റെ കരുത്തിലാണ് ഹൈദരാബാദ് വിജയിച്ചുകയറിയത്.
Content Highlight: Manoj Tiwari Talking About Ruturaj Gaikwad