| Tuesday, 26th August 2025, 4:58 pm

രോഹിത്തിനെ 2027 ഏകദിന ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയേക്കും; പ്രസ്താവനയുമായി മനോജ് തിവാരി

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. അടുത്തിടെ ടി-20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്നാല്‍ രോഹിത്തിനെ പോലുള്ള താരങ്ങളെ 2027 ലോകകപ്പ് കളിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ അവതരിപ്പിച്ച പുതിയ തന്ത്രമാണ് ബ്രോങ്കോ ഫിറ്റ്‌നസ് ടെസ്റ്റ് എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി.

ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ക്രിക്ട്രാക്കറുമായുള്ള ഒരു അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു മനോജ് തിവാരി. വിരാട് കോഹ്‌ലിയെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാല്‍ രോഹിത്തിനെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ പുതിയ പരീക്ഷണം കൊണ്ടുവന്നിരിക്കുകയാണ് എന്നും തിവാരി പറഞ്ഞു.

‘2027 ലോകകപ്പിനുള്ള പദ്ധതികളില്‍ നിന്ന് വിരാട് കോഹ്‌ലിയെ മാറ്റിനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നു. എന്നാല്‍ അവര്‍ രോഹിത് ശര്‍മയെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. നോക്കൂ ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളാണ്.

അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫിറ്റ്‌നസ് ടെസ്റ്റ് പരീക്ഷണം ആയിരിക്കും ബ്രോക്കോ ടെസ്റ്റ്. പക്ഷേ ഒരേയൊരു ചോദ്യം ഉള്ളത് അത് എന്തിനാണ് ഇപ്പോള്‍ കൊണ്ടുവരുന്നത് എന്നാണ്. മുഖ്യ പരിശീലകന്‍ എന്തുകൊണ്ട് ഇത് ആദ്യമേ ചെയ്തില്ല. ആരുടെ ആശയമാണിത്.

എനിക്ക് മനസിലായത് രോഹിത് ശര്‍മ തന്റെ ഫിറ്റ്‌നസിനില്‍ ശരിക്കും കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ അത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും എന്നാണ്. ബ്രോങ്കോ ടെസ്റ്റ് അദ്ദേഹത്തിന് എതിരായിരിക്കും എന്നാണ് ഞാന്‍

കരുതുന്നത്,’ തിവാരി പറഞ്ഞു.

എന്താണ് ബ്രോങ്കോ ടെസ്റ്റ്?

ബ്രോങ്കോ ടെസ്റ്റ് സാധാരണയായി ഉപയോഗിച്ചുവരുന്നത് റഗ്ബി ഫുട്‌ബോള്‍ പരിശീലനത്തിനാണ്. ഇതനുസരിച്ച് ഒരാള്‍ 20, 40, 60 മീറ്റര്‍ ദൂരങ്ങളിലായി അഞ്ചുതവണ ആവര്‍ത്തിക്കുന്ന സെറ്റുകള്‍ ഓടുന്നതാണ്. ഒരു വ്യക്തിക്ക് എത്ര വേഗത്തില്‍ ഈ സെറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് ഈ പരിശോധന അളക്കുന്നത്. മികച്ച വേഗത്തില്‍ സെറ്റുകള്‍ പൂര്‍ത്തിയാക്കുന്നത് മികച്ച ഫിറ്റ്‌നസിനെ നിലനിര്‍ത്താനാണ്.

അതേസമയം സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലായതിനാല്‍ ആവേശം ഇരട്ടിയാകുമെന്നും ഉറപ്പാണ്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Manoj Tiwari Talking About Rohit Sharma

We use cookies to give you the best possible experience. Learn more