| Wednesday, 8th October 2025, 3:26 pm

ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലാത്ത നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നു; ഗൗതം ഗംഭീറിനെതിരെ വിമര്‍ശനവുമായി തിവാരി

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആര്‍. അശ്വിനും വിരമിച്ചിരുന്നു. അനുഭവപരിചയമുള്ള താരങ്ങളുടെ വിരമിക്കലില്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറാണ് കാരണമെന്ന് സൂചിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മാത്രമല്ല ഗംഭീര്‍ ചുമതലയേറ്റതോടെ പല വിവാദങ്ങളും ഉയര്‍ന്നുവന്നെന്നും ടീമിനെ അസ്ഥിരപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

‘അശ്വന്‍, രോഹിത് തുടങ്ങിയ മുതിര്‍ന്ന കളിക്കാര്‍ക്ക് കോച്ചിങ് സ്റ്റാഫുകളേക്കാര്‍ക്ക് വലിയ അനുഭവപരിചയമുണ്ട്. അവര്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളെ അവര്‍ക്ക് ചോദ്യം ചെയ്യാനും സാധിക്കും. എന്നാല്‍ അവര്‍ ടീമിന്റെ ഭാഗമല്ലെന്ന് ഉറപ്പാക്കുന്നത് പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍.

ഈ പരിശീലകന്‍ (ഗൗതം ഗംഭീര്‍) ചുമതലയേറ്റതിനുശേഷം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലാത്ത നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കാലത്ത് അശ്വിന്‍, രോഹിത്, വിരാട് എന്നിവര്‍ വിരമിച്ചു. കളിക്കാരെ പെട്ടെന്ന് ടീമില്‍ ഉള്‍പ്പെടുത്തുകയും ഉടന്‍ തന്നെ ആദ്യ ഇലവന്റെ ഭാഗമാക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗംഭീറിന്റെ സമീപനത്തില്‍ സ്ഥിരതയില്ല,’ തിവാരി ഇന്‍ഡൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരാടിനെയും രോഹിത്തിനെയും ഗംഭീറിന് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇരുവരുടേയും റെക്കോഡ് മികച്ചതാണെന്നും തിവാരി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങളായ വിരാടും രോഹിത്തും സ്ഥാനം നേടിയിരുന്നു. എന്നിരുന്നാലും രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കി ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. ഏകദിനത്തില്‍ നിന്നും രോഹിത് വിരമിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഏകദിനത്തില്‍ വിരാട് 302 മത്സരങ്ങളില്‍ നിന്ന് 14181 റണ്‍സാണ് നേടിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 57.9 ആവറേജും 93.3 സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ വിരാടിനുള്ളത്. 51 സെഞ്ച്വറികളും 74 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.z

അതേസമയം രോഹിത് 273 മത്സരങ്ങളില്‍ നിന്ന് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണാ ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അകസര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍, യശസ്വി ജെയ്സ്വാള്‍

Content Highlight: Manoj Tiwari Talking About Indian Head Coach Gautham Gambhir

We use cookies to give you the best possible experience. Learn more