| Tuesday, 24th March 2026, 10:39 pm

സങ്കടപ്പെട്ട് രാജമാണിക്യത്തിന്റെ സെറ്റില്‍ നിന്ന നടന്‍; സുരാജിനെക്കുറിച്ച് മനോജ്. കെ. ജയന്‍ പറഞ്ഞ വാക്കുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെയും ടെലിവിഷന്‍ കോമഡി ഷോകളിലൂടെയും കരിയറാരംഭിച്ച് സിനിമയിലേക്കെത്തിയ താരം ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിരുന്നു. പിന്നീട് പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ കഴിവ് താരം പുറംലോകത്തെ അറിയിക്കുന്നത്. ചിത്രത്തിലൂടെ താരം 2013 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ് ഏവരെയും ഞെട്ടിച്ചത്.

സുരാജ് വെഞ്ഞാറമൂട്. Photo: Ott Play

പിന്നീട് ഹാസ്യതാരമായും സ്വാഭാവ നടനായും മലയാള സിനിമയില്‍ തിളങ്ങിയ താരം തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കെന്‍ കരുണാസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ യൂത്തിലും മികച്ച പ്രതികരണമാണ് താരം സ്വന്തമാക്കുന്നത്. സുരാജിന്റെ കരിയറിന്റെ തുടക്കകാലത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്ന നടന്‍ മനോജ്.കെ.ജയന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തില്‍ താരത്തിന് തിരുവനന്തപുരം സ്ലാങ് പറഞ്ഞുനല്‍കാന്‍ വേണ്ടി വന്ന ആളായിരുന്നു സുരാജെന്നും അന്ന് സെറ്റില്‍ അദ്ദേഹത്തെ എല്ലാ ദിവസവും കാണാറുണ്ടായിരുന്നെന്നും മനോജ് ഓര്‍ക്കുന്നു. ഒരു ദിവസം ഡെസ്പ് ആയി നില്‍ക്കുന്നത് കണ്ട് താന്‍ സുരാജിനടുത്ത് പോയി കാര്യം തിരക്കിയപ്പോള്‍ തന്റെ ഒരുപാട് സ്റ്റേജ് ഷോകള്‍ നഷ്ടപ്പെടുന്നുണ്ടെന്നായിരുന്നു താരം മറുപടി പറഞ്ഞത്.

ചിത്രത്തില്‍ നല്ല വേഷം പോലുമില്ലെങ്കിലും ചെറിയൊരു എമൗണ്ട് കിട്ടുന്നത് കൊണ്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും സുരാജ് പറഞ്ഞതായി മനോജ് പറഞ്ഞു. അങ്ങനെ വിഷമിച്ചിരുന്ന ആളാണ് ഇന്നീ നിലയില്‍ എത്തി നില്‍ക്കുന്നതെന്നും അതേ മമ്മൂട്ടിയുടെ തന്നെ മായാവി എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ഒരു കരിയര്‍ ബ്രേക്ക് ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സുരാജിന്റെ വളര്‍ച്ച താന്‍ കണ്‍മുന്നിലൂടെ കണ്ടിട്ടുണ്ടെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു.

രാജമാണിക്യo. Photo: Sun NXT

മമ്മൂട്ടിയുടെ തന്നെ തുറുപ്പുഗുലാന്‍, മായാവി തുടങ്ങിയ ചിത്രങ്ങളിലൂടെയും ക്ലാസ്‌മേറ്റ്‌സ്, ലോലിപോപ്പ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലൂടെയുമാണ് താരം മലയാള സിനിമയില്‍ ഹാസ്യതാരമായി സജീവമാകുന്നത്. പിന്നീട് പേരറിയാത്തവന്‍, ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചിരുന്നു.

Content Highlight: Manoj K Jayan talks about Suraj Venjaramood and his career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more