1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ മനോജ് എന്ന നടന് കഴിഞ്ഞു. മലയാളത്തിനൊപ്പം ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്.
സീരിയസ് ആയ വേഷങ്ങള്‍ക്ക് പുറമെ തമാശ നിറഞ്ഞ റോളുകളും മനോജ് ചെയ്തിരുന്നു. അതില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒന്നാണ് സീനിയേഴ്‌സ് സിനിമയിലെ മതില്‍ച്ചാട്ടം. ആ മതില്‍ച്ചാട്ടം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ക്ലബ് എഫ്.എമ്മില്‍ മറുപടി നല്‍കുകയാണ് മനോജ് കെ. ജയന്‍.
‘ആ മതില്‍ച്ചാട്ടം സ്‌ക്രിപ്റ്റില്‍ ഉള്ളത് തന്നെയായിരുന്നു. എത്ര തവണ ചാടണം എന്നൊക്കെയുള്ളത് വൈശാഖിന്റെ ബ്രില്ല്യന്‍സ് ആയിരുന്നു. ആ സീന്‍ ചെയ്യുന്നതിന് മുമ്പ് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത് ഫൈറ്റ് സീനായിരുന്നു.
ആ കോളേജില്‍ വെച്ചുള്ള ഫൈറ്റായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. ഫൈറ്റ് സീന്‍ കഴിഞ്ഞതോടെ അടിവയറും കാലുമൊക്കെ വേദനിച്ചു തുടങ്ങി. ഫൈറ്റ് കഴിഞ്ഞാല്‍ അങ്ങനെയാണ് ദേഹം മുഴുവന്‍ വേദനയാകും.
പക്ഷെ ആ സീന്‍ ഷൂട്ട് ചെയ്യേണ്ട സമയമെത്തിയതും വൈശാഖ് പറഞ്ഞത് ‘ചേട്ടാ ആ മതില് ചേട്ടന്‍ മൂന്നോ നാലോ പ്രാവശ്യം ചാടേണ്ടി വരും. അങ്ങനെ ചാടിയാല്‍ സൂപ്പറാകും’ എന്നായിരുന്നു. എന്നാല്‍ ഒരു തവണ ചാടിയപ്പോഴേക്കും എന്റെ അടിവയറ്റില്‍ വേദന തുടങ്ങി. കാലിനും നല്ല വേദനയായിരുന്നു.
‘ചേട്ടന്‍ ചാട് ചേട്ടാ. ചേട്ടന്‍ വെറുതെ ചാടി നോക്കിക്കേ’യെന്ന് വൈശാഖ് പറഞ്ഞു. ഞാന്‍ ഇപ്പോഴും വൈശാഖിന്റെ വിഷനാണ് ആലോചിക്കുന്നത്. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ ചിരിക്കാന്‍ പോകുന്ന സീന്‍ ഇതാകുമെന്ന് വൈശാഖ് അവിടെ മൈക്കില്‍ വിളിച്ചു പറഞ്ഞിരുന്നു.
‘ചേട്ടന്‍ ഇഷ്ടം പോലെ ചാടിക്കോ. ചാടാവുന്ന അത്രയും ചാടിക്കോ’ എന്നാണ് വൈശാഖ് പറഞ്ഞത്. അതോടെ എനിക്ക് ത്രില്ലടിച്ചു. അങ്ങനെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ചാടി. ചാടുന്നതിനൊപ്പം എന്റെ കുറേ ഡയലോഗുകള്‍ ഉണ്ടായിരുന്നു.
അതിന്റെ ഇടയ്ക്ക് സുരാജിന്റെ ഡബ്ബിങ്ങും ഉണ്ടായിരുന്നല്ലോ. അവനും ഓരോ ഡയലോഗുകള്‍ പറഞ്ഞ് കയറ്റിയതോടെ ആ സീന്‍ കൊഴുത്തു. ഒന്നുരണ്ട് വട്ടം ചാടാന്‍ മാത്രമാണ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan Talks About Seniors Movie Scene