മൂന്ന് പതിറ്റാണ്ടിധികമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. മലയാളസിനിമയില്‍ പല ട്രെന്‍ഡുകളും ആദ്യമായി കൊണ്ടുവന്നത് മമ്മൂട്ടിയാണെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. സിനിമാ സെറ്റുകളില്‍ വീഡിയോ കവറേജുകളും അത് പബ്ലിഷ് ചെയ്യുന്നതും ആദ്യം തുടങ്ങിയത് മമ്മൂട്ടിയാണെന്നും ഇന്ന് ട്രെന്‍ഡാകുന്ന ബിഹൈന്‍ഡ് ദി സീന്‍ അന്നേ തുടങ്ങിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
സുറുമി വീഡിയോ വിഷന്‍ എന്നായിരുന്നു അതിന്റെ പേരെന്നും 90കളിലെ പല സിനിമകളുടെ സെറ്റിലും വീഡിയോ കവറേജ് നടത്തി ശ്രദ്ധ നേടിയിരുന്നെന്നും അദ്ദേഹം പറയുന്നു. പിന്നീട് അത് നിര്‍ത്തിയെന്നും സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ തന്നെ ബി.ടി.എസ് വീഡിയോ എടുക്കുന്നുണ്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളസിനിമയില്‍ പല പുതിയ കാര്യങ്ങളും ആദ്യമായി കൊണ്ടുവന്നത് മമ്മൂക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിലൊന്നാണ് സിനിമാ സെറ്റുകളിലെ വീഡിയോ കവറേജ്. മലയാളത്തില്‍ ആദ്യമായി അങ്ങനെയൊരു കാര്യം പരിചയപ്പെടുത്തിയത് മമ്മൂക്കയാണെന്ന് അധികമാര്‍ക്കും അറിയില്ല. സുറുമി വീഡിയോ വിഷന്‍ എന്നായിരുന്നു അതിന്റെ പേര്.
90കളിലെ പല സിനിമകളുടെ സെറ്റിലും ഇത് ഉണ്ടായിരുന്നു. ഡയറക്ടര്‍ രണ്‍ജി പണിക്കറായിരുന്നു സുറുമി വീഡിയോ വിഷന്റെ ഹെഡ്. ഇന്ന് എല്ലാ സിനിമകളും ഫോളോ ചെയ്യുന്ന ബിഹൈന്‍ഡ് ദി സീന്‍സ് ട്രെന്‍ഡ് കൊണ്ടുവന്നത് മമ്മൂക്കയാണെന്ന് പറയാം. പിന്നീട് സിനിമയുടെ പ്രൊഡക്ഷന് ഹൗസ് തന്നെ ഇത് ഏറ്റെടുത്തതോടെ ആ വീഡിയോ വിഷന്‍ നിര്‍ത്തി,’ മനോജ് കെ. ജയന്‍ പറഞ്ഞു.
മനോജ് കെ. ജയന്‍ ഭാഗമായ ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഭീഷ്മ പര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ധീരന്‍. രാജേഷ് മാധവനാണ് ചിത്രത്തില്‍ നായകനായി എത്തിയത്. റിലീസ് ചെയ്ത് നാലാം വാരത്തിലും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് ധീരന്‍.
Content Highlight: Manoj K Jayan saying Mammootty introduced Behind The scene trend in Malayalam cinema