| Wednesday, 5th August 2026, 11:49 am

വിസ്മയയുടെ കൂടെ അഭിനയിച്ചതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൂടെയും അഭിനയിക്കാന്‍ സാധിച്ചു, മഹാഭാഗ്യമാണ് അത്: മനോജ് കെ. ജയന്‍

അമര്‍നാഥ് എം.

സീരിയലിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. നായകനായി മാത്രം വേഷമിടാതെ വില്ലനായും സഹനടനായുമെല്ലാം താരം കൈയടി നേടിയിട്ടുണ്ട്. കോമഡി റോളുകളിലും തന്റെ കഴിവ് തെളിയിച്ച മനോജ് കെ. ജയന്‍ അന്യഭാഷയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കമാണ് മനോജ്. കെ. ജയന്റെ ഏറ്റവും പുതിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഈ സിനിമയില്‍ അദ്ദേഹം വേഷമിടുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ വെച്ച് നടന്ന തുടക്കത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ മനോജ കെ. ജയനും പങ്കെടുത്തിരുന്നു.

ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും അധികം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പകരം തന്റെ കരിയറില്‍ നടന്ന അപൂര്‍വ ഭാഗ്യത്തെക്കുറിച്ചാണ് മനോജ്. കെ. ജയന്‍ സംസാരിച്ചത്. സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ മോഹന്‍ലാലിന്റെ ആരാധകനായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തുടക്കകാലത്ത് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘1980കളുടെ അവസാനത്തോടെയാണ് ഞാന്‍ സിനിമയില്‍ വരുന്നത്. 90കളില്‍ ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയില്ല. മമ്മൂക്കയുടെ കൂടെ ദളപതിയില്‍ അഭിനയിച്ചെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കാന്‍ 2000 വരെ കാത്തിരിക്കേണ്ടിവന്നു. രാവണപ്രഭുവിലാണ് അദ്ദേഹത്തിന്റെ കൂടെ ആദ്യമായി അഭിനയിച്ചത്. പിന്നീട് ലാലേട്ടനൊപ്പം 18 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. പിന്നീട് പ്രണവ് സിനിമയിലേക്ക് വന്നപ്പോള്‍ അയാളുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു.

പക്ഷേ, പ്രണവിന്റെ ആദ്യത്തെ പടത്തിലേക്ക് ജീത്തു എന്നെ വിളിച്ചില്ല. എനിക്ക് പറ്റിയ വേഷം ഇല്ലാത്തതുകൊണ്ടായിരിക്കും. പക്ഷേ, പ്രണവിന്റെ വേറൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ആ സമയത്തും വിസ്മയ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. വേറെ ട്രാക്കിലായിരുന്നല്ലോ അപ്പോള്‍. ഇപ്പോള്‍ വിസ്മയയുടെ ആദ്യ സിനിമയിലും അഭിനയിച്ചതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൂടെയും അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. മഹാഭാഗ്യമാണിത്,’ മനോജ് കെ. ജയന്‍ പറയുന്നു.

2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സായ് കുമാര്‍, ജാഫര്‍ ഇടുക്കി, ടി.ജി. രവി തുടങ്ങി വലിയ താരനിര തുടക്കത്തില്‍ അണിനിരക്കുന്നു. മോഹന്‍ലാലിന്റെ അതിഥിവേഷവും തുടക്കത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നു.

Content Highlight: Manoj K Jayan about the experience in Thudakkam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more