ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഹുല്‍ ഗാന്ധിക്ക് നേരെ പ്രധാനമന്ത്രി പദം വെച്ച് നീട്ടിയെങ്കിലും രാഹുല്‍ ഗാന്ധി അത് നിരസിച്ചെന്ന് ബീഹാറിലെ സ്വതന്ത്ര എം.പിയായ പപ്പു യാദവ്. ഒരു നിമിഷം പോലും ചിന്തിക്കാതെയാണ് രാഹുല്‍ ആ തീരുമാനം എടുത്തതെന്നും പപ്പു യാദവ് കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മന്‍മോഹന്‍ സിങ്, രാഹുല്‍ നിങ്ങള്‍ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഒരിക്കലും ഇല്ല എന്നാണ് മറുപടി നല്‍കിയത്. ഒരു സെക്കന്റ് കൊണ്ട് ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥിയായ, ബുദ്ധിമാനായ, സത്യം പറയാന്‍ ധൈര്യമുള്ള അദ്ദേഹം പ്രധാനമന്ത്രിയുടെ കസേര നിരസിച്ചു,’ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് മറുപടി നല്‍കവെയാണ് പപ്പു യാദവിന്റെ പ്രതികരണം.
അതേസമയം അഭിമുഖത്തില്‍വെച്ച് കേന്ദ്രസര്‍ക്കാരിനേയും പപ്പു യാദവ് രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് പപ്പു യാദവ് വിമര്‍ശിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സഭ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭരണഘടനാപരമായ, ജനാധിപത്യപരമായ അവകാശങ്ങള്‍ എടുത്തുകളയുകയാണ്. എസ്.ഐ.ആര്‍ (Special Intensive Revision) ഉന്നയിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. മുഴുവന്‍ പ്രതിപക്ഷവും ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഉത്തരം കിട്ടേണ്ടതുമായ ചില വിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ചു,’ പപ്പു യാദവ് പറഞ്ഞു.
ബീഹാറിനെതിരേയും ബീഹാറികള്‍ക്കെതിരേയും ദരിദ്രര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങള്‍ക്കും സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്നും പപ്പു യാദവ് ആരോപിച്ചു. ഇത്തരം അതിക്രമങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സഭ മുന്നോട്ട് പോകില്ലെന്നും പപ്പു യാദവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ലമെന്റില്‍ വര്‍ഷകാലസമ്മേളനം ഓഗസ്റ്റ് 21ന് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പപ്പു യാദവിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന്‍, ബീഹാറിലെ പൂര്‍ണിയ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്.
Content Highlight: Manmohan singh offered Prime Minister post to Rahul Gandhi, but he rejected; says Pappu Yadav