| Friday, 30th January 2026, 6:36 pm

ഗില്ലിയെ തീര്‍ക്കുമെന്ന് പറഞ്ഞുവന്നതാ, ഏഴാം നാള്‍ വാഷൗട്ട്, കേരളത്തിലും പരിതാപമായി മങ്കാത്ത റീ റിലീസ്

അമര്‍നാഥ് എം.

തമിഴ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത് റീ റിലീസുകളാണ്. സൂപ്പര്‍താരങ്ങളുടെ ഹിറ്റ് സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകരും അതെല്ലാം പരമാവധി ആഘോഷമാക്കാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയായി മാറിയിരിക്കുകയാണ് അജിത്തിന്റെ മങ്കാത്ത. കഴിഞ്ഞയാഴ്ചയാണ് ചിത്രം റീ റിലീസ് ചെയ്തത്.

അജിത്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റും താരത്തിന്റെ 50ാമത്തെ ചിത്രവുമായ മങ്കാത്തയുടെ രണ്ടാം വരവ് ആരാധകര്‍ ആഘോഷമാക്കി മാറ്റി. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് മങ്കാത്തയെ വീണ്ടും തിയേറ്ററുകളിലെത്തിച്ചത്. തമിഴില്‍ ഇതുവരെയുള്ള റീ റിലീസ് റെക്കോഡുകളെല്ലാം മങ്കാത്ത തകര്‍ക്കുമെന്നായിരുന്നു റിലീസിന് മുമ്പ് അജിത്തിന്റെ ആരാധകര്‍ അവകാശപ്പെട്ടത്.

ആദ്യദിനം ചിത്രത്തിന് ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്. റെക്കോഡ് കളക്ഷനുമായി മങ്കാത്ത ആദ്യദിനം സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ആദ്യ വീക്കെന്‍ഡിന് ശേഷം ചിത്രത്തിന്റെ കളക്ഷന് വലിയ ഇടിവാണ് ലഭിച്ചത്. ഇപ്പോഴിതാ റീ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്ക് പലയിടത്തുനിന്നും മങ്കാത്ത വാഷൗട്ടായിരിക്കുകയാണ്.

ഇതുവരെ വെറും 11 കോടിയാണ് മങ്കാത്ത നേടിയത്. തമിഴിലെ റീ റിലീസുകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ഗില്ലിയെ മറികടക്കാന്‍ മങ്കാത്തക്ക് സാധിക്കില്ലെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുകയാണ്. 32 കോടിയാണ് രണ്ടാം വരവില്‍ ഗില്ലി സ്വന്തമാക്കിയത്. ഈ റെക്കോഡ് പിന്നീട് മറികടക്കാനായത് ഇന്ത്യ മുഴുവന്‍ പ്രൊമോഷനുമായെത്തിയ ബാഹുബലി എപ്പിക്കിന് മാത്രമാണ്.

തമിഴ്‌നാടിന് പുറമെ കേരളത്തിലും ഗില്ലിക്ക് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ആദ്യ ആഴ്ചയിലെ വരവേല്പ് കണ്ട് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ ഇരട്ടി സ്‌ക്രീനിലേക്ക് വ്യാപിച്ചിരുന്നു. എന്നാല്‍ മങ്കാത്തയുടെ കേരള റീ റിലീസിന്റെ അവസ്ഥ പരിതാപകരമാണ്. ലിമിറ്റഡ് സ്‌ക്രീനുകളിലെത്തിയ മങ്കാത്ത 16 ലക്ഷമാണ് നേടിയത്.

വിജയ് എന്ന താരം തമിഴ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിവെച്ച ഫാന്‍ബേസ് ചെറുതല്ലെന്നാണ് അദ്ദേഹം നേടിയ ഓരോ റെക്കോഡും സൂചിപ്പിക്കുന്നത്. മറ്റ് താരങ്ങള്‍ക്ക് ഈ റെക്കോഡ് മറികടക്കാനാകില്ലെന്ന് കാണുമ്പോള്‍ വിജയ് എന്ന താരത്തിന്റെ വലുപ്പം മനസിലാകും. സിനിമാജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ വിജയ് ഉണ്ടാക്കിവെക്കുന്ന വിടവ് വളരെ വലുതാണ്.

Content Highlight: Mankatha Re Release became disaster in Kerala Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more