| Friday, 23rd January 2026, 7:19 am

150 സ്‌ക്രീന്‍ കുറവായിരുന്നിട്ടും പ്രീ സെയിലിലൂടെ ഗില്ലിയെ തൂക്കി... ഒറ്റപ്പേര്... അജിത് കുമാര്‍

അമര്‍നാഥ് എം.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരങ്ങളാണ് വിജയ്‌യും അജിത്തും. ഇരുവരില്‍ ഒരാള്‍ ബോക്‌സ് ഓഫീസില്‍ ഇടുന്ന റെക്കോഡ് അടുത്തയാള്‍ തകര്‍ക്കുന്നത് ആരാധകരെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഫൈനല്‍ കളക്ഷനില്‍ വിജയ്‌യെ മറികടക്കാന്‍ അജിത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ മറ്റ് റെക്കോഡുകളെല്ലാം അജിത് തകര്‍ത്തിട്ടുണ്ട്.

അത്തരത്തില്‍ വിജയ്‌യുടെ ഒരു റെക്കോഡ് മറികടന്നിരിക്കുകയാണ് അജിത് ഇപ്പോള്‍. താരത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മങ്കാത്ത റീ റിലീസിന് തയാറെടുക്കുകയാണ്. ജനുവരി 23ന് (ഇന്ന്) ചിത്രം ഒരിക്കല്‍ കൂടി വെള്ളിത്തിരയിലെത്തും. അജിത്തിന്റെ 50ാമാത് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.

മങ്കാത്ത Photo: Sun NXT

തമിഴകമെങ്ങും ‘തല’യെ ആഘോഷമാക്കുകയാണ്. പ്രീ സെയിലിലൂടെ തമിഴ് സിനിമാചരിത്രത്തിലെ റീ റിലീസ് റെക്കോഡ് മങ്കാത്ത തകര്‍ത്തിരിക്കുകയാണ്. വിജയ് നായകനായ ഗില്ലിയുടെ റീ റിലീസ് പ്രീ സെയിലാണ് മങ്കാത്ത മറികടന്നത്. 2.15 കോടിയാണ് ഗില്ലി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്. 2.20 കോടി നേടി മങ്കാത്ത പുതിയ റെക്കോഡ് തങ്ങളുടെ പേരിലാക്കി.

ഗില്ലിയെക്കാള്‍ 150നടുത്ത് സ്‌ക്രീന്‍ കുറവായിരുന്നിട്ടാണ് മങ്കാത്ത ഈ റെക്കോഡ് നേടിയത്. തമിഴ്‌നാട്ടില്‍ മങ്കാത്തക്കുള്ള ക്രേസ് അപാരമാണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായി ഈ വരവേല്പിനെ കണക്കാക്കാം. എന്നാല്‍ ഓപ്പണിങ്ങില്‍ സ്വന്തമാക്കിയ ഈ റെക്കോഡ് ഫൈനല്‍ കളക്ഷനില്‍ കാത്തുസൂക്ഷിക്കാനാകുമോ എന്നാണ് വിജയ് ആരാധകര്‍ ചോദിക്കുന്നത്.

ഗില്ലി Photo: Amazon Prime video

ഗില്ലി റീ റിലീസില്‍ ആകെ നേടിയത് 32 കോടിയാണ്. ബാഹുബലി ദി എപിക് എത്തുന്നതുവരെ ഗില്ലിയുടെ കയ്യിലായിരുന്നു റീ റിലീസിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന നേട്ടം. ഗില്ലിയുടെ ഫൈനല്‍ കളക്ഷന്‍ മങ്കാത്തക്ക് മറികടക്കാനാകുമോ എന്നാണ് തമിഴ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഗില്ലിയെപ്പോലെ തമിഴ്‌നാടിന് പുറത്ത് വൈഡ് റിലീസില്ലാത്തത് മങ്കാത്തക്ക് തിരിച്ചടിയായേക്കും.

അതുവരെ വന്നതില്‍ വെച്ച് വ്യത്യസ്തമായ രീതിയില്‍ സംവിധായകന്‍ വെങ്കട് പ്രഭു അജിത്തിനെ അവതരിപ്പിച്ച ചിത്രമായിരുന്നു മങ്കാത്ത. നല്ലവനായ നന്മമരം നായകനില്‍ നിന്ന് മാറി ഒരിടത്തും നല്ലവനാകാത്ത, ഫുള്‍ നെഗറ്റീവ് ഷെയ്ഡുള്ള വിനായക് മഹാദേവായി അജിത്ത് പൂണ്ടുവിളയാടിയ ചിത്രമായിരുന്നു മങ്കാത്ത. അജിത്തിന് പുറമെ അര്‍ജുന്‍, തൃഷ, പ്രേംജി, വൈഭവ്, റായ് ലക്ഷ്മി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇനിയങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ മങ്കാത്തയുടെ തിയേറ്റര്‍ ക്ലിപ്പുകള്‍ വൈറലാകുമെന്ന് ഉറപ്പാണ്.

Content Highlight: Mankatha movie creates new record in re release through pre sales

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more