തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്. ചിത്രത്തിലെ കർകശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
‘ബെത്‌ലഹേമി’ലെ ബിജി എന്ന കഥാപാത്രം തനിക്ക് ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് മഞ്ജുശ്രീ നായർ പറഞ്ഞു. ഗിരീഷ് എ.ഡിയുടെ സിനിമയിൽ അഭിനയിക്കണമെന്നത് ഏതൊരു കലാകാരന്റെയും ആഗ്രഹമാണെന്നും തനിക്ക് അദ്ദേഹത്തിന്റെ സിനിമകളോട് വലിയ ആരാധനയുണ്ടെന്നും മഞ്ജുശ്രീ ദി ജേർണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDb
‘ബെത്‌ലഹേമിലെ ആ കഥാപാത്രം എന്തോ ലോട്ടറി അടിച്ച പോലെ കിട്ടിയതാണ് എനിക്ക്. എന്തോ അനുഗ്രഹമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഗിരീഷിന്റെ കൂടെ വർക്ക് ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഹിറ്റാണ്. മാത്രമല്ല, എല്ലാം വീണ്ടും കാണാൻ തോന്നുന്ന സിനിമകളാണ്. ഏത് സിനിമയാണെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നും. പ്രേമലു കണ്ടപ്പോൾ തന്നെ എനിക്ക് അദ്ദേഹത്തിന്റെ സിനിമയിൽ വർക്ക് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ അത് ഇങ്ങനെ വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല,’ മഞ്ജുശ്രീ പറഞ്ഞു.
തനിക്ക് ലഭിക്കാൻ പോകുന്ന കഥാപാത്രത്തിന് ഇത്രത്തോളം ആഴമുണ്ടെന്ന് ആദ്യ ഘട്ടത്തിൽ അറിയില്ലായിരുന്നുവെന്നും മഞ്ജുശ്രീ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചില രംഗങ്ങളെക്കുറിച്ച് ചെറിയ ധാരണ മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് സ്ക്രിപ്റ്റ് വായിച്ചതോടെയാണ് കഥാപാത്രത്തിന്റെ പൂർണമായ സ്വഭാവം മനസിലായതെന്നും നടി പറഞ്ഞു.
‘ഇതിന് ഇത്രത്തോളം ഡെപ്ത് ഉണ്ടെന്നും ഇത് ഇങ്ങനെ ഒരു കഥാപാത്രമാണെന്നും തുടക്കത്തിൽ നമുക്ക് അറിയില്ല. നമ്മൾ ചെല്ലുമ്പോൾ ചില സീനുകളൊക്കെ ഓക്കെയാണോ എന്നറിയാൻ ചെറുതായിട്ട് ഒന്ന് നോക്കും. അതൊക്കെ കഴിഞ്ഞ് വന്ന ശേഷമാണ് പിന്നെ ഞാൻ ഓകെയാണെന്ന് അറിയുന്നത്. അവർ പറയുമ്പോഴാണ് ഇത് ഇങ്ങനെയുള്ള ഒരു കഥാപാത്രമാണെന്ന് പോലും അറിയുന്നത്. പിന്നെ അവർ സ്ക്രിപ്റ്റ് ഒക്കെ തന്നു. ആദ്യമായിട്ടാണ് ഫുൾ സ്ക്രിപ്റ്റ് കിട്ടുന്നതും ഞാൻ വായിക്കുന്നതും. അപ്പോൾ അതൊക്കെ നല്ലൊരു എക്സ്പീരിയൻസായിരുന്നു,’ മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
ബിജി എന്ന കഥാപാത്രം താൻ യഥാർഥ ജീവിതത്തിൽ എങ്ങനെയുള്ള ആളാണോ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും മഞ്ജുശ്രീ പറഞ്ഞു. വളരെ കർശനമായി പെരുമാറുന്ന അമ്മയെ അവതരിപ്പിക്കുമ്പോൾ എന്തൊക്കെ വേണമെന്ന് ഗിരീഷ് എ.ഡി കൃത്യമായി പറഞ്ഞുതന്നിരുന്നു.
‘ഇതിലെ അമ്മ വളരെ സ്ട്രിക്ട് ആയിട്ടുള്ള ഒരു അമ്മയാണ്. പക്ഷെ ഞാൻ ശരിക്കും ഇങ്ങനെയുള്ള ഒരു അമ്മയൊന്നുമല്ല. എന്തൊക്കെ ഞാൻ ചെയ്യണം എന്നൊക്കെ ഗിരീഷിന് നന്നായി അറിയാമായിരുന്നു. ദേഷ്യമൊക്കെ കൂടുതൽ കാണിക്കണം എന്നുണ്ടെങ്കിൽ അത് ഗിരീഷ് പറഞ്ഞുതരും. ‘അത് പോരാ, നന്നായിട്ട് അങ്ങോട്ട് അടിക്ക്’ എന്നൊക്കെ പറയും. എന്റെ ഷോട്ട് കഴിഞ്ഞതിന് ശേഷം ഗിരീഷിന് അത് ഓകെയാണോ എന്ന് ഞാൻ നോക്കാറുണ്ടായിരുന്നു,’ മഞ്ജുശ്രീ പറഞ്ഞു.
തന്റെ കഥാപാത്രത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് മെസ്സേജുകൾ വരുന്നുണ്ടെന്നും അതെല്ലാം കൗതുകത്തോടെയാണ് നോക്കി കാണുന്നതെന്നും താരം പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDb
‘സിനിമ കണ്ടിട്ട് ആൾക്കാരൊക്കെ ചീത്ത വിളിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒക്കെ ഇങ്ങനെ മെസേജ് വന്നുകൊണ്ടേയിരിക്കും. എന്നാലും എന്റെ ബിജി ചേച്ചി, ആ കൊച്ചിനെ വിടായിരുന്നു, ജസ്റ്റിൻ നല്ലതല്ലേ എന്നൊക്കെ പറഞ്ഞ്. ചെക്കൻ ക്രിസ്ത്യാനിയാണ്, നല്ല പയ്യനാണ്, തൊട്ടടുത്ത വീട്ടിൽ നിന്നാണ്… ബിജി ചേച്ചിയുടെ പ്രശ്നം എന്തായിരുന്നു എന്നൊക്കെ ആളുകൾ ഇപ്പോൾ ചോദിക്കുന്നുണ്ട്,’ മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
Content Highlight: Manjusree talks about bethlehem kudumba unit