| Sunday, 20th September 2026, 7:00 pm

എല്ലാ സീനുകളെയും സിമ്പിളായി അപ്രോച്ച് ചെയ്യുന്നതാണ് ശീലം, ബെത്‌ലഹേമിലെ ആ ഒരു ഭാഗം കുറച്ച് ടെന്‍ഷനുണ്ടാക്കി: മഞ്ജുശ്രീ നായര്‍

അമര്‍നാഥ് എം.

ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടവരാരും മറക്കാത്ത കഥാപാത്രമായിരുന്നു ആഷ്ലിയുടെ അമ്മയായ ബിജി. ഭര്‍ത്താവിന്റെ മദ്യപാനം കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടില്‍ താമസിക്കേണ്ടി വന്ന ബിജി എന്ന കഥാപാത്രമായി വേഷമിട്ടത് മഞ്ജുശ്രീ നായരായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന താരമാണ് മഞ്ജുശ്രീ.

സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും താരം ഭാഗമായിട്ടുണ്ട്. കരിയറില്‍ ഒരുപാട് സിനിമകളും സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സീനിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജുശ്രീ. പല സീനുകളും ചെയ്യുന്നതിന് മുമ്പ് ചെറിയ രീതിയിലുള്ള പ്രിപ്പറേഷന്‍ ചെയ്യാറുണ്ടെന്ന് താരം പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ പല സീനുകളിലും ഗൗരവം പിടിച്ച് പെര്‍ഫോം ചെയ്യേണ്ടവയായിരുന്നെന്നും അതെല്ലാം സിമ്പിളായിരുന്നെന്നും മഞ്ജുശ്രീ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു സീനില്‍ മാത്രം ചെറുതായി പ്രയാസപ്പെട്ടെന്നും അവിടെ കുറച്ചധികം എഫര്‍ട്ട് ഇടണ്ടായിരുന്നെന്നും താരം പറയുന്നു. ബിയോണ്ട് മൈക്കിനോട് സംസാരിക്കുകയായിരുന്നു മഞ്ജുശ്രീ.

‘ആ പടത്തില്‍ മമിതയോട് ഇമോഷണലായി സംസാരിക്കുന്ന സീനുണ്ടല്ലോ. അത് കുറച്ച് പ്രയാസമായിരുന്നു ചെയ്യാന്‍. കാരണം, മമിതയുടെ ക്യാരക്ടറിനെ ഇമോഷണലി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണല്ലോ. അത്രയും നേരം കരഞ്ഞ് സംസാരിച്ച ശേഷം അനിയന്റെ അടുത്ത് ചെന്നിട്ട് ‘സംഗതി ഏറ്റു’ എന്ന് ആക്ഷന്‍ കാണിക്കുന്നത്, അതെല്ലാം കുറച്ച് ബുദ്ധിമുട്ടായിരുന്നു.

പിന്നെ എന്റെ കരിയറില്‍ കുറച്ച് പ്രയാസപ്പെട്ട മറ്റൊരു സീന്‍ കേരള ക്രൈം ഫയല്‍സിലേതായിരുന്നു. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ കാണാതാകുമ്പോള്‍ എന്നെ പൊലീസ് ചോദ്യം ചെയ്യാന്‍ വരുന്നുണ്ട്. സാധാരണയായി പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ കുറച്ച് പേടിച്ചൊക്കെ നില്‍ക്കുകയാണല്ലോ പതിവ്. ഇവിടെയും അതുപോലെയാകുമെന്ന് കരുതി ഞാന്‍ അങ്ങനെ പ്രിപ്പയര്‍ ചെയ്തു.

ഷോട്ടിന് മുമ്പാണ് അങ്ങനെയൊന്നുമല്ല വേണ്ടത് എന്ന് ഞാന്‍ അറിയുന്നത്. ഈ ക്യാരക്ടറാണെങ്കില്‍ പൊലീസുകാരെ മുഴുവന്‍ വെറുത്ത ഒരാളാണ്. അതുകൊണ്ട് എല്ലാ ചോദ്യത്തിനും ഒരുമാതിരി അലസമായി മറുപടി പറയണം. അവര്‍ സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചത് അതുപോലെ പറയുകയായിരുന്നു. ഈ രണ്ടെണ്ണമാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയത്,’ മഞ്ജുശ്രീ പറയുന്നു.

Content Highlight: Manjusree Nair about the difficult scenes she faced

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more